തപാൽ വോട്ട്; 17 നകം അപേക്ഷ സമർപ്പിക്കണം

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിംഗ് ദിവസം ഔദ്യോഗിക ഡ്യൂട്ടിയിലുള്ള അവശ്യ സേവന മേഖലയിലെ വകുപ്പ് ഉദ്യോഗസ്ഥർ, മീഡിയ റിപ്പോർട്ടർമാർ, ആംബുലൻസ് ജീവനക്കാർ എന്നിവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ പോസ്റ്റൽ വോട്ട് സൗകര്യം ഏർപ്പെടുത്തി.

ആരോഗ്യം, പോലീസ്, ഫയർഫോഴ്‌സ് , ജയിൽ, എക്‌സൈസ്, മിൽമ , വൈദ്യുതി, വാട്ടർ അതോറിറ്റി, കെ.എസ് ആർ.ടി സി, ട്രഷറി, വനം കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ ആകാശവാണി, ദൂരദർശൻ, ബി.എസ് എൻ.എൽ, റെയിൽവേ, പോസ്റ്റൽ ആന്റ് ടെലിഗ്രാഫ്, ഏവിയേഷൻ, ഷിപ്പിംഗ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും ആംബുലൻസ് ജീവനക്കാർക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തോടെ തിരഞ്ഞെടുപ്പ് കവറേജിനായി നിയോഗിക്കപ്പെട്ട മീഡിയ റിപ്പോർട്ടർമാർക്കും പോസ്റ്റൽ വോട്ട് സൗകര്യം ഉപയോഗപ്പെടുത്താം.

മാർച്ച്‌ 17 നകം അതത് റിട്ടേണിംഗ് ഓഫീസർമാർക്ക് ഫോറം 12 ഡി യിൽ അപേക്ഷ സമർപ്പിക്കണം. ഇവർക്കായി നിയോജക മണ്ഡലാടിസ്ഥാനത്തിൽ പ്രത്യേക പോസ്റ്റൽ വോട്ടിംഗ് സെന്റർ സജ്ജമാക്കും. ജീവനക്കാർ ഈ കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്തണം. രേഖപ്പെടുത്തിയ വോട്ടുകൾ അതത് റിട്ടേണിംഗ് ഓഫീസർമാർ കേന്ദ്രത്തിൽ വെച്ച്‌ തന്നെ ശേഖരിക്കും.