തിരുവനന്തപുരം: സ്വർണക്കടത്തിലും ഡോളർ കടത്തിലും അഭിഭാഷകയുടെ സഹായം സൂചനയിൽ അഭിഭാഷകയെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. തിങ്കളാഴ്ച ഹാജരാകാൻ തിരുവനന്തപുരം സ്വദേശി ദിവ്യയ്ക്ക് കസ്റ്റംസ് നോട്ടീസ് നൽകി. സ്വപ്‌ന സുരേഷ് നൽകിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഭിഭാഷകയേയും ചോദ്യം ചെയ്യുന്നത്.
ഹൈക്കോടതിയിൽ കസ്റ്റംസ് ഹൈക്കമ്മീഷണർ ഇന്നലെ നൽകിയ സത്യവാങ്മൂലത്തിൽ ദിവ്യയുടെ പേരും പറയുന്നുണ്ട്. സ്വർണ, ഡോളർ കടത്തുകളിലും അഭിഭാഷകയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. ഇവർ പല ഘട്ടങ്ങളായി സ്വപ്‌ന സുരേഷിനേയും സന്ദീപിനേയും ഫോണിൽ വിളിച്ചതായി നേരത്തെ കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യൽ.
ബാങ്ക് രേഖകളും പാസ്‌പോർട്ടും ഹാജരാക്കാനും നിർദ്ദേശിച്ചു. എട്ടിന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണ് ഹാജരാകേണ്ടത്. അതേസമയം സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനേയും ചോദ്യം ചെയ്യും.
ചോദ്യം ചെയ്യലിനായി 12ന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ പി ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടീസ് നൽകി. ഹൈക്കോടതിയിൽ കസ്റ്റംസ് ഹൈക്കമ്മീഷണർ ഇന്നലെ നൽകിയ സത്യവാങ്മൂലത്തിൽ ഡോളർക്കടത്തിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കും പങ്കുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലുള്ള സത്യവാങ്മൂലമാണ് കസ്റ്റംസ് കമ്മീഷണർ കോടതിയിൽ സമർപ്പിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്പീക്കറോട് നേരിട്ട് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാവാനാവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്. ഇടപാടുകൾ മുഖ്യമന്ത്രിയുടേയും സ്പീക്കറുടേയും നിർദേശപ്രകാരമാണെന്ന് സ്വപ്ന മൊഴിയിൽ പറയുന്നു.