ന്യൂഡെൽഹി: ബോംബ് സ്ക്വാഡിന്റേയും പോലീസിന്റെയും പരിശോധനകൾക്കു ശേഷം താജ്മഹൽ വീണ്ടും തുറന്നു . വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് ഇന്നലെ താജ്മഹൽ താൽക്കാലിമായി അടച്ചിരുന്നു. സന്ദർശകർക്ക് വീണ്ടും പ്രവേശനം അനുവദിച്ചു.
വ്യാഴാഴ്ച രാവിലെയാണ് താജ്മഹലിൽ ബോംബുവച്ചിട്ടുണ്ടെന്ന് ഫോണ്‍ സന്ദേശം ലഭിക്കുന്നത്. ഉത്തർപ്രദേശ് പോലീസിന്റെ ഹെൽപ് ലൈനിലാണ് താജ്മഹലിൽ ബോംബുവച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത്. ഉടൻ തന്നെ സംരക്ഷണ ചുതമലയിലുള്ള സിഐഎസ്എഫിനെ വിവരം അറിയിക്കുകയും സന്ദർശകരെ ഒഴിപ്പിക്കുകയും ചെയ്തു.
തുടർന്ന് വ്യാപക പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. വ്യാജ സന്ദേശം നൽകിയ വിമൽ കുമാർ സിംഗ് എന്നയാളെ അറസ്റ്റ് ചെയ്തെന്നും കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്നും ആഗ്ര സോണ്‍ എഡിജിപി സതീഷ് ഗണേഷ് പറഞ്ഞു.
കാസ്ഗഞ്ച് സ്വദേശിയായ വിമൽ കുമാർ സിംഗ് എന്ന യുവാവാവാണ് ഫോണ്‍ ചെയ്തതെന്ന് പോലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ഇയാൾ മാനസിക ആസ്വാസ്ഥ്യമുള്ള ആളാണെന്നും ചികിത്സയിൽ കഴിയുകയാണെന്നുമാണ് പോലീസ് പറയുന്നത്.