ബാഗ്ദാദ്: ഫ്രാന്‍സിസ് മാർപാപ്പ ചരിത്രം കുറിച്ച് ഇറാഖിൽ സന്ദർശനം തുടങ്ങി. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 4.30ന് എത്തിച്ചേര്‍ന്ന പാപ്പയ്ക്ക് പ്രൗഡഗംഭീരമായ സ്വീകരണമാണ് എയര്‍പോര്‍ട്ടില്‍ ഒരുക്കിയത്. ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയും സർക്കാരിലെ പ്രമുഖരും എയര്‍പോര്‍ട്ടില്‍ നേരിട്ടെത്തിയാണ് പാപ്പയെ സ്വീകരിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പ ഇറാഖ് സന്ദര്‍ശിക്കുന്നത്.
അലിറ്റാല്യ വിമാനത്തില്‍ 75ഓളം മാധ്യമപ്രവര്‍ത്തകരോടൊപ്പമാണ് പോപ് എത്തിയത്. കൊറോണ വ്യാപനത്തിന് ശേഷം ആദ്യമായാണ് മാര്‍പ്പാപ്പ വിദേശ സന്ദര്‍ശനം നടത്തുന്നത്. മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ആഭ്യന്തര കലാപവും ക്രൈസ്തവ വംശഹത്യയും നല്കിയ തീരാമുറിവുകളില്‍ നിന്ന് കരകയറുന്ന ഇറാഖി ജനതയ്ക്ക് സാന്ത്വനവുമായാണ് ഫ്രാന്‍സിസ് പാപ്പ ഇറാഖിലെത്തിയത്.
കല്‍ദായ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോ അടക്കമുള്ള ഇറാഖില്‍ സഭയിലെ പ്രമുഖരും എയര്‍പോര്‍ട്ടില്‍ ഉണ്ടായിരിന്നു. സംഗീത അകമ്പടിയോടെയായിരിന്നു സ്വീകരണം. തുടർന്ന് ഔദ്യോഗിക സ്വീകരണച്ചടങ്ങായിരുന്നു. സൈനീക ചിട്ടകളോടെ നടന്ന വരവേല്പിനെ തുടർന്ന് പ്രസിഡന്‍റ്, കാസീമിനൊപ്പം പാപ്പ കൊട്ടാരത്തിലേയ്ക്ക് നീങ്ങി. അവിടെ സ്വീകരണമുറയിൽ ബർഹാം കാസിമും മാര്‍പാപ്പയും സൗഹൃദസംഭാഷണത്തിൽ ഏർപ്പെടുകയും സമ്മാനങ്ങൾ കൈമാറുകയുംചെയ്തു. തുടർന്ന് രാഷ്ട്രപ്രതിനിധികളും നയന്ത്രപ്രതിനിധികളും രാജ്യത്തെ പ്രമുഖരും വിശിഷ്ടാതിഥികളുമായുള്ള കൂടിക്കാഴ്ചയ്ക്കായി പാപ്പാ കൊട്ടാരത്തിലെ പ്രധാന ഹാളിലേയ്ക്ക് നീങ്ങി. ഏകദേശം 200-പേരുണ്ടായിരുന്ന വിശിഷ്ഠമായ സദസ് എഴുന്നേറ്റുനിന്ന് ഹസ്താരവം മുഴക്കി പാപ്പായെ വരവേറ്റു.
പ്രസിഡൻഷ്യൽ കൊട്ടാരത്തിലെ സ്വീകരണത്തിന് ശേഷം ഇന്ത്യന്‍ സമയം ഏഴരയോടെ ബാഗ്ദാദിലെ രക്ഷാകര നാഥയുടെ നാമത്തിലുള്ള ഭദ്രാസനദേവാലയത്തിൽ എത്തിചേര്‍ന്നു. മെത്രാന്മാർ, വൈദികർ, സന്ന്യസ്തർ, സെമിനാരി വിദ്യാർത്ഥികൾ, മതാദ്ധ്യാപകർ എന്നിവരുമായി പാപ്പ കൂടിക്കാഴ്ച നടത്തി.2010ലെ തീവ്രവാദി ആക്രമണത്തിൽ രക്തക്കളമായി മാറിയ ഈ ദൈവാലയത്തിൽവെച്ച് കൊല്ലപ്പെട്ടവർക്കായി പ്രത്യേകം പ്രാർത്ഥിച്ചശേഷമാണ് സഭാനേതൃത്വത്തെ പാപ്പ അഭിസംബോധന ചെയ്തത്.
നാളെ ശനിയാഴ്ച നജഫിലെത്തി ഗ്രാന്റ് ആയത്തുല്ല അല്‍ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തുകയും നസിറിയില്‍ സര്‍വമത സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്യും. നാളെ ബാഗ്ദാദിലും ഞായറാഴ്ച ഇര്‍ബിലിലും കുര്‍ബാന അര്‍പ്പിക്കും. മൊസൂളിലും സന്ദര്‍ശനം നടത്തും. തിങ്കളാഴ്ച മാര്‍പ്പാപ്പ മടങ്ങും.