കൃപേഷിന്റേയും ശരത് ലാലിന്റേയും കൊലപാതകം; സിപിഎം ബ്രാഞ്ച് ഓഫീസിൽ സിബിഐ റെയ്ഡ് നടത്തി

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ സംഘം സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റേയും ശരത് ലാലിന്റേയും കേസ് അന്വേഷിക്കുന്ന സിബിഐ സംഘമാണ് സിപിഎം ഓഫീസിൽ റെയ്ഡ് നടത്തിയത്. കൊലപാതകം നടന്ന കല്യോട്ടിന് സമീപത്തെ ഏച്ചിലടക്കം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് റെയ്ഡ് നടത്തിയത്.

ഇരട്ടക്കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയും, ഉന്നത ശക്തികളെയും സംബന്ധിച്ചാണ് സിബിഐ അന്വേഷിക്കുന്നത്. ഇരട്ടക്കൊലപാതകത്തിന് ശേഷം ഏറെ നാളായി പൂട്ടിക്കിടക്കുകയാണ് ഓഫീസ്. പാർട്ടി ഭാരവാഹികളെ വിളിച്ചുവരുത്തി തുറപ്പിച്ചായിരുന്നു പരിശോധന.

കേസിൽ ആരോപണ വിധേയരായ പ്രാദേശിക സിപിഎം നേതാക്കളേയും പ്രവർത്തകരേയും ചോദ്യം ചെയ്യാനും സിബിഐ വിളിച്ചിട്ടുണ്ട്. ചട്ടഞ്ചാലിലെ സിപിഎം ഉദുമ ഏരിയ കമ്മിറ്റി ഓഫീസിലും ഉദുമയിലെ പഴയ ഏരിയ കമ്മിറ്റി ഓഫീസിലും സിബിഐ സംഘം കഴിഞ്ഞ മാസം പരിശോധന നടത്തിയിരുന്നു. നേരത്തെ കേസന്വേഷിച്ചിരുന്നത് ക്രൈംബ്രാഞ്ചാണ്.

കൊലപാതകവുമായി ബന്ധപ്പെട്ട് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന എ പീതാംബരൻ, ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ്ഠൻ ഉൾപ്പെടെ 14 സിപിഐഎം പ്രവർത്തകർക്കെതിരെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. എന്നാൽ ഉന്നത നേതൃത്വത്തിന്റെ ഗൂഢാലോചന ഇവരുടെ കൊലപാതകത്തിന് പിന്നിലുണ്ടെന്ന ശരത് ലാലിന്റയും, കൃപേഷിന്റയും രക്ഷിതാക്കളുടെ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയും, സുപ്രിംകോടതിയും സിബിഐ അന്വേഷണത്തിന് അനുമതി നൽകിയത്.