രണ്ടുതവണ മത്സരിച്ച് തോറ്റവരെ പരിഗണിക്കില്ല; കോൺഗ്രസിൽ പ്രമുഖർ പുറത്ത്

തിരുവനന്തപുരം: സ്ഥാനാർഥി നിർണയത്തിനുള്ള മാനദണ്ഡങ്ങൾ കടുപ്പിച്ചതോടെ കോൺഗ്രസിൽ തുടർച്ചയായി രണ്ടുതവണ മത്സരിച്ച് തോറ്റ പ്രമുഖർ പുറത്താകും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തോറ്റവർക്കും ഇത്തവണ സീറ്റില്ലെന്നും തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി യോഗത്തിനുശേഷം ചെയർമാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വ്യക്തമാക്കിയിരുന്നു.

ഈ നിബന്ധനയോടെ യു ഡി എഫ് കൺവീനർ എം എം ഹസൻ, ശൂരനാട് രാജശേഖരൻ, എം ലിജു, എംപി വിൻസെൻ്റ് തുടങ്ങിയവരടക്കമുള്ള നിരവധി നേതാക്കൾ കോൺഗ്രസിന്റെ തീരുമാനം മൂലം സ്ഥാനാർഥിപ്പട്ടികയിൽ നിന്ന് പുറത്താകും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഇനിയും തീരാനുണ്ടെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി. ചർച്ചകൾ അവസാന ഘട്ടത്തിലാണ്, സമയബന്ധിതമായി പൂർത്തിയാക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. സ്ഥാനാർഥിപ്പട്ടിക എപ്പോൾ പ്രഖ്യാപിക്കുമെന്ന് കൃത്യമായി പറയാൻ ഇനിയും കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.

ശനിയാഴ്ച ചേരുന്ന സ്ക്രീനിങ് കമ്മിറ്റി പട്ടികയ്ക്ക് അന്തിമ രൂപമുണ്ടാക്കുകയും ആ പട്ടികയുമായി നേതാക്കൾ ഡെൽഹിക്ക്‌ പോകുകയും ചെയ്യും. ഡെൽഹിയിൽ വീണ്ടും സ്ക്രീനിങ് കമ്മിറ്റിയും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയും യോഗംചേർന്നാവും അന്തിമ പട്ടിക തയ്യാറാക്കുക.