കൊച്ചി: ലാവ്‌ലിന്‍ കേസിൽ ടി പി നന്ദകുമാറിൻ്റെ മൊഴിയടക്കം വിശദമായി പരിശോധിച്ച ശേഷം കേസെടുക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ് തീരുമാനമെടുക്കും. ലാവ്‌ലിന്‍ കേസിലെ പരാതിക്കാരനായ ടി പി നന്ദകുമാര്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നില്‍ ഹാജരായി. കനേഡിയന്‍ കമ്പനിയായ എസ് എന്‍ സി ലാവ്‌ലിനുമായി ചട്ടങ്ങള്‍ മറികടന്ന് കരാര്‍ ഉണ്ടാക്കിയതിലൂടെ സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്‌ടം ഉണ്ടായെന്നും അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് കോടികള്‍ കൈക്കൂലിയായി ലഭിച്ചെന്നുമാണ് ആരോപണം.
2006-ല്‍ നല്‍കിയ പരാതിയിലാണ് ഇ ഡിയുടെ നടപടി. പതിനഞ്ച് വര്‍ഷം മുമ്പ് പരാതി നല്‍കിയെങ്കിലും കേസില്‍ സര്‍ക്കാര്‍ ഇടപെടലൊന്നും ഉണ്ടാവാത്തതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ തന്നെ നേരിട്ടു കണ്ട് നന്ദകുമാര്‍ വിവരം അറിയിച്ചിരുന്നു. 2008-ല്‍ കേസുമായി ബന്ധപ്പെട്ട് സി ബി ഐയും ക്രൈം നന്ദകുമാറിന്റെ കൈയില്‍ നിന്ന് തെളിവുകള്‍ ശേഖരിച്ചിരുന്നു.
ഡയറക്‌ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിനാണ് പതിനഞ്ച് വര്‍ഷം മുമ്പ് നന്ദകുമാര്‍ പരാതി നല്‍കിയത്. കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളുടെ നികുതി വെട്ടിപ്പ് അടക്കമുളളവയായിരുന്നു പരാതിയുടെ ഉളളടക്കം. കഴിഞ്ഞ മാസം 25നാണ് നന്ദകുമാറിന് ഇ ഡി നോട്ടീസ് നല്‍കിയത്. അതേസമയം ലാവ്‌ലിന്‍ കേസിനൊപ്പം ധനമന്ത്രി തോമസ് ഐസക്, മുന്‍മന്ത്രി എം എ ബേബി എന്നിവര്‍ക്കെതിരെ അധികൃത സ്വത്തുസമ്പാദനം സംബന്ധിച്ച പരാതിയും ഇ ഡി അന്വേഷിക്കുന്നുണ്ട്.