കൊച്ചി: ഡോളർ കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമാക്കി കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കോൺസുൽ ജനറലുമായി മുഖ്യമന്ത്രി നേരിട്ട് സാമ്പത്തിക ഇടപാട് നടത്തിയിരുന്നു എന്നും സ്വപ്നയുടെ മൊഴിയിൽ ഇതിന് തെളിവുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.
ഡോളര്‍ ഇടപാടുകള്‍ മുഖ്യമന്ത്രിയുടെയും , സ്പീക്കറുടെയും നിര്‍ദേശപ്രകാരമാണ്. പല ഉന്നതര്‍ക്കും കമ്മീഷന്‍ കിട്ടി. എല്ലാ ഇടപാടുകളെക്കുറിച്ചും തനിക്ക് വ്യക്തമായി അറിയാമെന്നും സ്വപ്ന നൽകിയ രഹസ്യമൊഴിയിൽ പറയുന്നു. ഹൈക്കോടതിയില്‍ നല്‍കുന്ന സത്യവാങ്മൂലത്തിലാണ് വെളിപ്പെടുത്തല്‍.
2020 ഓഗസ്റ്റ് അഞ്ചിന് തിരുവനന്തപുരം വിമാനത്താവളം വഴി 1.90 ലക്ഷം യു.എസ് ഡോളര്‍ ഹാന്‍ഡ് ബാഗില്‍ ഒളിപ്പിച്ചു ദുബായിലേക്കു കടത്തി എന്നാണ് നേരത്തെ സ്വപ്ന വെളിപ്പെടുത്തിയിരുന്നത്.അറബി അറിയാവുന്നവരായിരുന്നില്ല മുഖ്യമന്ത്രിയും സ്പീക്കറും. അതിനാൽ ഇവര്‍ക്കും കോണ്‍സുലര്‍ ജനറലിനുമിടയിൽ മധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനായിരുന്നുവെന്നും മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങൾ നടത്തിയിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.
മുഖ്യമന്ത്രിയ്ക്ക് പുറമെ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും മൂന്ന് മന്ത്രിമാർക്കും ഡോളർ ഇടപാടിൽ പങ്കുണ്ടെന്നും കസ്റ്റംസിന്റെ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. ജയിലിൽ വച്ച് സ്വപ്നയെ ചോദ്യം ചെയ്യുന്നതിനെ ചൊല്ലി ജയിൽ വകുപ്പും കസ്റ്റംസ് തമ്മിൽ തര്‍ക്കം നിലനിന്നിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി നിലനിൽക്കുന്നുണ്ട്. ഈ ഹര്‍ജിയുടെ ഭാഗമായിട്ടാണ് കസ്റ്റംസ് ഇപ്പോൾ നിര്‍ണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അടക്കം കേസിൽ പ്രതിസ്ഥാനത്തുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രിയ്ക്കും സ്പീക്കർക്കുമെതിരെയുള്ള കസ്റ്റംസ് സത്യവാങ്മൂലം സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.