തിരുവനന്തപുരം : യോഗ സെന്ററിനായി ആത്മീയാചര്യൻ ശ്രീ എമ്മിന് എൽഡിഎഫ് സർക്കാർ ഭൂമി അനുവദിച്ചതിനെ തുടർന്നുള്ള വിവാദത്തിന്റെ ഭാഗമായി വിടി ബൽറാം എംഎൽഎയുടെ ഫേസ്ബുക്ക് കുറിപ്പിനെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ. ഫേസ്ബുക്കിലൂടെയാണ് പിജെ കുര്യൻ ബൽറാമിനെതിരെ രംഗത്ത് വന്നത്.
ആരെങ്കിലും യോഗ സെന്ററോ മറ്റേതെങ്കിലും സ്വകാര്യ സംരംഭമോ തുടങ്ങാനെന്ന പേരിൽ ഒരപേക്ഷയുമായി വന്നാൽ ചുമ്മാതങ്ങ് നൽകാനുള്ളതാണോ സർക്കാർ വക ഭൂമിയെന്നും യോഗ ഗുരുവിൽ നിന്ന് ആൾദൈവമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ആർഎസ്എസ് സഹയാത്രികന് ഭൂമി നൽകുന്നത് ശരിയല്ലെന്നുമായിരുന്നു ബൽറാമിന്റെ വിമർശനം.
സംസ്ഥാന ഗവണ്മെന്റ് ശ്രീ എമ്മിന് യോഗ സെന്റർ തുടങ്ങാൻ സ്ഥലം അനുവദിച്ചതിന് വിമർശിച്ചുകൊണ്ടുള്ള വി.ടി. ബൽറാം എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ് എന്റെ ഒരു സുഹൃത്ത് വാട്സ് ആപ്പിൽ തന്നത് വായിച്ചു. സർക്കാർ ഭൂമി നൽകിയതിനെ വിമർശിക്കുവാൻ ബൽറാമിന് എല്ലാ അവകാശവും ഉണ്ട്. അതിനെ ഞാൻ ചോദ്യം ചെയ്യുന്നില്ല. എന്നാൽ ശ്രീഎമ്മിനെ ‘ആൾ ദൈവമെന്നും ആർഎസ്‌എസ് സഹയാത്രികനെന്നും’ വിശേഷിപ്പിച്ചത് ശ്രീ എമ്മിനെ അറിയാവുന്നവർക്കെല്ലാം വേദന ഉണ്ടാക്കുന്നതാണ് പിജെ കുര്യൻ വിമർശിച്ചു.
എനിക്ക് ശ്രീ എമ്മുമായി നല്ല പരിചയമുണ്ട്. ഞാൻ വളരെ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വമാണ് അദ്ദേഹം. അദ്ദേഹത്തെ ഞാൻ പല പ്രാവശ്യം സന്ദർശിച്ചിട്ടുണ്ട്. അദ്ദേഹം എന്റെ ഭവനത്തിലും ഒരു തവണ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ എകതായാത്രയിൽ ഞാൻ പങ്കെടുത്തിട്ടുമുണ്ട്. അദ്ദേഹം ആൾ ദൈവവുമല്ല, ആർഎസ്‌എസ്സും അല്ല. എല്ലാ മതങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മതേതര വാദിയാണ്.
ഭാരതീയ ദർശനങ്ങളിൽ പാണ്ഡിത്യവും ഭാരതീയ സംസ്‌കാരത്തോട് ആദരവും, പ്രതിബദ്ധതയും ഉണ്ട് എന്നതുകൊണ്ട് ഒരാൾ ആർഎസ്‌എസ് ആകുമോ ? പിജെ കുര്യൻ ചോദിച്ചു.
ആദ്ധ്യാത്മിക പ്രഭാഷണം നടത്തുകയും ആദ്ധ്യാത്മിക ജീവിതം നയിക്കുകയും ചെയ്യുന്നതുകൊണ്ട് ഒരാൾ ആൾ ദൈവം ആകുമോ? ഒരു എം.എൽ.എ ആയ ശ്രീ. ബൽറാം മറ്റുള്ളവരെ വിധിക്കുന്നതിൽ കുറേക്കൂടി വസ്തുതാപരം ആകേണ്ടതായിരുന്നു. ശ്രീ. എമ്മിനെക്കുറിച്ചുള്ള വസ്തുതാപരമല്ലാത്ത പരാമർശങ്ങൾ ബൽറാം തിരുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അത്തരമൊരു നടപടി ശ്രീ എമ്മിന്റെ ആയിരക്കണക്കിന് ആരാധകരുടെ ഹൃദയത്തിലെ മുറിവ് ഉണക്കാൻ ആവശ്യമാണെന്നും പിജെ കുര്യൻ പറഞ്ഞു.