സർക്കാർ എൻഫോഴ്സ്മെൻ്റ് പോര് മുറുകി; കിഫ്ബിക്കെതിരായ കേസില്‍ ഇഡിക്കു മുന്നില്‍ ഹാജരാകേണ്ടന്ന് ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍

കൊച്ചി: കേന്ദ്ര ഏജന്‍സിയുമായി പരസ്യപ്പോരിന് സര്‍ക്കാര്‍ ഇറങ്ങിയതോടെ കിഫ്ബിക്കെതിരായ കേസില്‍ ഉദ്യോഗസ്ഥരോട് ഇഡിക്കു മുന്നില്‍ ഹാജരാകേണ്ടന്നു സര്‍ക്കാര്‍ നിർദ്ദേശം. കിഫ്ബിക്ക് എതിരായ ഇഡി അന്വേഷണം രാഷ്ര്ടീയ പ്രേരിതമാണന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടു മുഖ്യമന്ത്രി തെരഞ്ഞെടുപ്പു കമ്മീഷനു കത്തു നല്‍കിയ സാഹചര്യത്തില്‍ ചോദ്യം ചെയ്യല്‍ നീട്ടിവച്ചു. തെരഞ്ഞെടുപ്പു കമ്മിഷനില്‍ നിന്നു കത്തു ലഭിച്ചാല്‍, മറുപടി നല്‍കും.

കിഫ്ബി സി.ഇ.ഒ. കെ.എം.എബ്രഹാമിനെയും മാനേജിങ് ഡയറക്ടര്‍ വിക്രം ജിത് സിങ്ങിനെയും ചോദ്യം ചെയ്യാനാണ് ഇ.ഡി. തീരുമാനിച്ചിരുന്നത്. ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ വിക്രം ജിത് സിങ്ങിനോട് ഇന്ന് രാവിലെ പത്ത് മണിക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി. നോട്ടീസ് നല്‍കിയിരുന്നു.

സിഇഒ കെ.എം.എബ്രഹാമിനോടു നാളെ ഹാജരാകണമെന്നാണ് ഇ.ഡി. ആവശ്യപ്പെട്ടിരിക്കുന്നത്. കൊച്ചിയിലെ ഇഡി.ഒഫീസിലാണ് ഇരുവരും ഹാജരാകേണ്ടത്. എന്നാല്‍, വിക്രം ജിത് സിങ് ഹാജരായില്ല. അതേസമയം
കേന്ദ്ര മന്ത്രിമാരുടെ നിര്‍ദേശത്തിന് വഴങ്ങി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നു മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു.

കിഫ്ബിക്കെതിരെ അന്വേഷണം നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നടപടികളെ ചോദ്യം ചെയ്താണ് മുഖ്യമന്ത്രി കത്തയച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടര്‍ച്ചയായി സര്‍ക്കാര്‍ സ്ഥാപനമായ കിഫ്ബിയിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയാണെന്നും വനിതാ ഉദ്യോഗസ്ഥരോട് പോലും മര്യാദയില്ലാതെയാണ് പെരുമാറിയതെന്നും കത്തില്‍ പറയുന്നു.

2019 മേയ് മാസം കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ടിന്റെ കാര്യങ്ങളാണ് ഇ.ഡി. അന്വേഷിക്കുന്നത്. ഇത് ഇപ്പോള്‍ സംഭവിച്ച കാര്യമല്ല. ഇതിന് യാതൊരു അടിയന്തര സ്വഭാവവും ഇല്ലെന്നും കത്തില്‍ പറയുന്നു.