തിരുവനന്തപുരം: കിഫ്ബിയ്‌ക്കെതിരെ കേസെടുത്തത് സംസ്ഥാന സർക്കാർ വിവാദമായിരിക്കെ ലാവ്‌ലിന്‍ കേസിലും ഇഡി ഇടപെടല്‍. 2006ല്‍ ക്രൈം മാഗസിന്‍ എഡിറ്റര്‍ ടി പി നന്ദകുമാറിന്റെ പരാതിയിലാണ് കേന്ദ്ര ഏജന്‍സിയുടെ ഇടപെടല്‍. തെളിവുകളുമായി നാളെ രാവിലെ 11ന് ഹാജരാകാന്‍ നന്ദകുമാറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി. കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.
ധനമന്ത്രി തോമസ് ഐസക്കിനും മുന്‍ മന്ത്രി എം എ ബേബിക്കും എതിരേയും ഇഡി അന്വേഷണമുണ്ട്. ഇഡി ഡപ്യൂട്ടി ഡയറക്ടർ വികാസ് സി. മേത്തയാണ് നോട്ടിസ് അയച്ചിട്ടുള്ളത്. സംസ്ഥാനത്തെ ചില രാഷ്ട്രീയ നേതാക്കളുടെ നികുതി വെട്ടിപ്പ്, ദേശവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ ചൂണ്ടിക്കാണിച്ച് 15 വർഷം മുൻപ് അയച്ച കത്തിലാണ് നടപടി. എന്നാൽ രണ്ടുമാസം മുൻപു താനയച്ച റിമൈൻഡറിന്റെ പശ്ചാത്തലത്തിലാണ് നടപടിയുണ്ടായിരിക്കുന്നതെന്ന് ടി.പി. നന്ദകുമാർ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഇതു സംബന്ധിച്ച് കത്തയച്ചിരുന്നു. അടുത്ത ദിവസം ഹാജരായി തന്റെ പക്കലുള്ള തെളിവുകൾ കൈമാറും. കോഴിക്കോട്ടെ തന്റെ ഓഫിസ് ഒരുപറ്റം അക്രമികൾ എസ്എൻസി ലാവ്‌ലിന്‍, കവിയൂർ കേസ് ഉൾപ്പടെയുള്ള കേസുകളുടെ തെളിവുകൾ നശിപ്പിക്കുന്നതിനു തീയിട്ടിരുന്നു. ഇതിൽ കത്തി നശിക്കാത്ത തെളിവുകൾ കൈമാറുമെന്ന് നന്ദകുമാർ പറഞ്ഞു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മോഡി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ താല്‍പര്യത്തോടെ ഉപയോഗിക്കുകയാണെന്ന വിമര്‍ശനവുമായി ഭരണപക്ഷം രംഗത്തെത്തിയിരുന്നു. തുടലഴിച്ചു വിട്ട കേന്ദ്ര ഏജന്‍സികളെ കണ്ട് ഭയന്നോടുന്നവരല്ല കേരളം ഭരിക്കുന്നതെന്ന് തോമസ് ഐസക്ക് പറഞ്ഞു.