ബിന്ദു അമ്മിണിയെ കുരുമുളക് സ്‌പ്രേ ചെയ്ത കേസ്;പുതിയ വകുപ്പുകള്‍ കൂടി കൂട്ടിച്ചേര്‍ത്തത് ദുരുദ്ദേശപരമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല പ്രക്ഷോഭ സമയത്ത് ബിന്ദു അമ്മിണിയെ കുരുമുളക് സ്‌പ്രേ ചെയ്ത കേസില്‍ പട്ടികജാതി/വര്‍ഗ്ഗ വിഭാഗം നിയമപ്രകാരമുള്ള വകുപ്പുകള്‍ കൂടി കൂട്ടിച്ചേര്‍ത്തത് ദുരുദ്ദേശപരമെന്ന് ഹൈക്കോടതി. സംഭവം നടന്ന് മൂന്നുമാസങ്ങള്‍ക്കുശേഷം എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ബിന്ദു അമ്മിണി നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസില്‍ പുതിയ വകുപ്പുകള്‍ കൂടി കൂട്ടിച്ചേര്‍ത്തത്.

ഇതില്‍ ഹിന്ദു സേവാ സംഘം സ്ഥാപകന്‍ പ്രതീഷ് വിശ്വനാഥ്, ബിജെപി നേതാവ് സിജി രാജഗോപാല്‍ എന്നിവരെ പ്രതിചേര്‍ത്തിരുന്നു. ഇതിനെതിരേ പ്രതികള്‍ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെതിരേ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി പരാമര്‍ശം.