കെപിസിസി സെക്രട്ടറിയും ബത്തേരി നഗരസഭാ കൗൺസിലറുമായ എംഎസ് വിശ്വനാഥൻ കോൺഗ്രസ്‌ വിട്ടു; ഇടത് സ്ഥാനാർഥിയാകും

കൽപ്പറ്റ: കെപിസിസി സെക്രട്ടറിയും സുൽത്താൻ ബത്തേരി നഗരസഭാ കൗൺസിലറുമായ എം.എസ്. വിശ്വനാഥൻ കോൺഗ്രസിൽ നിന്ന് രാജിവച്ചു. കൽപ്പറ്റ പ്രസ്‌ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. ഇടത് നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

കുറുമ സമുദായത്തിന് നിർണായക സ്വാധീനമുള്ള ബത്തേരി നിയോജക മണ്ഡലത്തിൽ തന്നെ സ്ഥാനാർഥിയായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് എം.എസ്. വിശ്വനാഥൻ കോൺഗ്രസ് സംസ്ഥാന നേതാക്കൾക്ക് കത്ത് നൽകിയിരുന്നു. എന്നാൽ സിറ്റിങ് എംഎൽഎ ഐ.സി.ബാലകൃഷ്ണനെ തന്നെ മത്സരിപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.

ഇടതുമുന്നണിയിൽ ചേർന്നതോടെ വിശ്വനാഥൻ സുൽത്താൻ ബത്തേരിയിൽ എൽഡിഎഫ് സ്ഥാനാർഥിയാകുമെന്നുറപ്പായി.നേരത്തെ എൽഡിഎഫ് നേതൃത്വവുമായി അദ്ദേഹം അനൗദ്യോഗിക ചർച്ച നടത്തുകയും ചെയ്തിരുന്നു.