കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ 60 രൂപയ്ക്ക് പെട്രോളും ഡീസലും നല്‍കുമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ 60 രൂപയ്ക്ക് പെട്രോളും ഡീസലും നല്‍കുമെന്ന് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പെട്രോളിലും ഡീസലിലും കേന്ദ്രത്തിന്റെ നികുതി വളരെ തുച്ഛമാണ്. 19 ശതമാനം മാത്രമാണെന്നും കുമ്മനം ആരോപിച്ചു. ബിജെപിയ്ക്ക് കേരള ഭരണം ലഭിച്ചാല്‍ പെട്രോളും ഡീസലും ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരും.

ആഗോളതലത്തിലുള്ള വ്യതിയാനങ്ങള്‍ക്ക് അനുസൃതമായാണ് വില വ്യത്യാസം വരുന്നതെന്നും മുന്‍ മിസോറാം ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തിനിടെ പ്രതികരിച്ചു.അതില്‍ കൂടുതല്‍ കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്നുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ തിരിച്ചുകൊടുക്കുന്നുണ്ടെന്ന് കുമ്മനം പറഞ്ഞു.

ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി പറഞ്ഞു കഴിഞ്ഞു. സംസ്ഥാനങ്ങള്‍ തയ്യാറായാല്‍ നടപ്പിലാക്കും. പക്ഷെ, കേരള സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സിപിഐഎമ്മും കോണ്‍ഗ്രസും അഭിപ്രായം പറയാന്‍ മടിക്കുകയാണെന്നും കുമ്മനം ആരോപിച്ചു.

ഇന്ധന വിലവര്‍ധന ദേശീയ വിഷയമാണ്. അത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരാണ് അഭിപ്രായം പറയേണ്ടത്. വില കൂട്ടേണ്ട സാഹചര്യം ഉണ്ടായതുകൊണ്ടായിരിക്കും. ബിജെപിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ട്. പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണം.

അതേക്കുറിച്ച് എന്തുകൊണ്ടാണ് സിപിഐഎമ്മും കോണ്‍ഗ്രസും അഭിപ്രായം പറയാത്തത്. കേരളത്തില്‍ ഒരു കാരണവശാലും ഇന്ധനവിലയില്‍ ജിഎസ്ടി ഏര്‍പ്പെടുത്തില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറയുന്നത് എന്തുകൊണ്ടാണ്. ആഗോളതലത്തിലുള്ള വ്യതിയാനങ്ങള്‍ക്ക് അനുസൃതമായാണ് ഈ വില വ്യത്യാസം വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.