യുഎഇയിൽ സന്ദർശക വിസയിലെത്തി കാലാവധി കഴിഞ്ഞവർക്ക് തിരികെ മടങ്ങാനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടി

അബുദാബി: സന്ദർശക, ടൂറിസ്റ്റ് വിസകളിൽ യുഎഇയിലെത്തി കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടരുന്നവർക്ക് തിരികെ മടങ്ങാനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടിയതായി റിപ്പോർട്ട്. ഒരു മാസത്തെയും മൂന്നു മാസത്തെയും വിസകളിലെത്തി രാജ്യത്ത് കഴിയുന്നവരിൽ കാലാവധി അവസാനിച്ച വിസ ഉടമകൾക്ക് മറ്റ് ഫീസുകളൊന്നും നൽകാതെ മാർച്ച് 31 വരെ രാജ്യത്ത് തുടരാമെന്ന് ജിഡിആർഎഫ്എ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഖലീജ് ടൈംസ്’ റിപ്പോർട്ട് ചെയ്തു.

ദുബൈയിൽ സന്ദർശക വിസയിലെത്തിയവരുടെ വിസാ കാലാവധി മാർച്ച് 31 വരെ നീട്ടിക്കിട്ടിയതായി ട്രാവൽ ഏജൻസികൾ സ്ഥിരീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ എംബസിയും രാജ്യത്ത് താമസിക്കുന്ന ചില സന്ദർശകരും ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. 2020 ഡിസംബർ 29ന് മുമ്പ് അനുവദിച്ച സന്ദർശക വിസയിലെത്തിയവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

അതേസമയം യുഎഇയിൽ സന്ദർശക വിസയിലുള്ളവർക്ക് ഒരു മാസം രാജ്യത്ത് സൗജന്യമായി താമസിക്കാൻ അനുവദിച്ചുകൊണ്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം കഴിഞ്ഞ ഡിസംബർ 27ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.