തിരുവനന്തപുരം : അലവൻസ് പരിഷ്കരണം അടക്കമുള്ള ശമ്പളകുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച് സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ നാളെ മുതൽ പ്രതിഷേധ സമരത്തിന് . കെജിഎംസിടിഎ യുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിൽ ഏർപ്പെടുമെന്നു സംഘടന അറിയിച്ചു. എൻട്രി കേഡർ, കരിയർ അഡ്വാൻസ്മെന്റ് പ്രൊമോഷന്റെ കാലയളവ് അടക്കമുള്ള അപാകതകൾ പരിഹരിക്കണമെന്നുമാണ് കെജിഎംസിടിഎയുടെ ആവശ്യം.
മാർച്ച് മൂന്നിന് സംസ്ഥാനതലത്തിൽ വഞ്ചനദിനം ആചരിക്കും. എല്ലാ മെഡിക്കൽ കോളേജിലും പ്രിൻസിപ്പൽ ഓഫീസിനു മുന്നിലും തിരുവനന്തപുരത്തു ഡിഎംഇ ഓഫീസിനു മുന്നിലും പ്രതിഷേധജാഥയും, ധർണയും നടത്തും. രോഗി പരിചരണത്തെയും, അധ്യാപനത്തെയും ബാധിക്കില്ല. കൊറോണ പ്രോട്ടോകോൾ പാലിക്കും.
നാളെ മുതൽ മെഡിക്കൽ കോളേജ് ഡോക്ടർമാർ ചട്ടപ്പടി സമരം അനിശ്ചിതകാലം നടത്തും. ഈ കാലയളവിൽ വി ഐ പി ഡ്യൂട്ടി, പേ വാർഡ് ഡ്യൂട്ടി, നോൺ കോവിഡ് -നോൺ എമർജൻസി മീറ്റിംഗുകൾ എന്നിവ ബഹിഷ്കരിക്കും. അധികജോലികൾ ബഹിഷ്കരിക്കും. രോഗികളുമായൊ അധ്യാപനവുമായൊ ബന്ധമില്ലാത്ത എല്ലാ ജോലികളും ബഹിഷ്കരിക്കും. അനിശ്ചിതകാലത്തേക്ക് എല്ലാ ദിവസവും കരിദിനം ആചരിക്കുകയും, രോഗികൾക്കും പൊതുജനങ്ങൾക്കും വിശദീകരണകുറിപ്പ് നൽകുകയും ചെയ്യും.
എന്നിട്ടും തീരുമാനം ഒന്നുമില്ലെങ്കിൽ, മാർച്ച് 10 ന് സെക്രട്ടേറിയറ്റിന് മുന്നിൽ വൈകിട്ട് 6.30 ന് കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജ് ഡോക്ടർമാരും മെഴുകുതിരി കൊളുത്തി പ്രതിഷേധിക്കും. അന്ന് വൈകിട്ട് 8 മണിക്ക്, മെഡിക്കൽ കോളേജ് ഡോക്ടർമാർ പ്രെസ്സ് കോൺഫറൻസ് നടത്തും. പ്രതിഷേധങ്ങൾക്ക് എല്ലാവിധ കൊറോണ പ്രോട്ടോക്കോളും പാലിക്കും. പിന്നെയും തീരുമാനം ഒന്നുമില്ലെങ്കിൽ മാർച്ച് 17ആം തിയതി ഒരു ദിവസം 24 മണിക്കൂർ ഒപിയും എലെക്റ്റീവ് ശസ്ത്രക്രിയകളും, അധ്യാപനവും ബഹിഷ്കരിക്കും. അത്യാഹിത സർവീസുകൾ, ലേബർ റൂം, ക്യാഷ്വലിറ്റി, അടിയന്തിരശസ്‌ത്രക്രിയകൾ, വാർഡ് ഡ്യൂട്ടി, കൊറോണ ചികിത്സ എന്നിവ മുടക്കം കൂടാതെ നടത്തും എന്നും കെജിഎംസിടിഎ അറിയിച്ചു.
മെഡിക്കൽ കോളേജ് അധ്യാപകരുടെ ആവശ്യങ്ങൾ ഉടൻ അംഗീകരിക്കണമെന്നും, അനാവശ്യസമരത്തിലേക്ക് മെഡിക്കൽ കോളേജ് ഡോക്ടർമാരെ തള്ളിയവിടരുതെന്നും കെജിഎംസിടിഎ സംസ്ഥാനസമിതി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.