വിട്ടുവീഴ്ചയില്ലാതെ ഡിഎംകെ ; കോൺഗ്രസിനെയും ഇടതുപാർട്ടികളെയും തഴയാൻ നീക്കം

ചെന്നൈ: തിരഞ്ഞെടുപ്പടുത്തതോടെ തമിഴ്‌നാട്ടിലും സീറ്റുചർച്ചകൾക്ക് ചൂടേറുകയാണ്. പ്രതിപക്ഷമായ ഡിഎംകെയുടെ സീറ്റു വിഭജന നിലപാടിനെ എതിർത്ത് ഘടകകക്ഷികൾ രംഗത്തുവന്നതോടെ മുന്നണിയിൽ അനിശ്ചിതത്വം തുടരുകയാണ്.
കഴിഞ്ഞതവണ ഘടകക്ഷിയായ മുസ്ലീം ലീഗിന് അഞ്ചും മനിതനേയ മക്കൾ കക്ഷിക്ക് നാല് സീറ്റുമാണ് നൽകിയിരുന്നത്. എന്നാൽ ഇത്തവണ ലീഗിന് മൂന്നും മനിതനേയമക്കൾ കക്ഷിക്ക് രണ്ടും നൽകാൻ ധാരണയായി.

കോൺഗ്രസും ഇടതു പാർട്ടികളുമായി ഇതുവരെ ധാരണയിലെത്താൻ സാധിച്ചിട്ടില്ല. ഡിഎംകെയിലെ പ്രധാന കക്ഷിയായ കോൺഗ്രസ് 35 സീറ്റാണ് ആവശ്യപ്പെട്ടത്. എന്നാൽ 20 സീറ്റുകൾ വരെ മാത്രമേ നൽകാനാവൂ എന്ന നിലപാടിലാണ് ഡിഎംകെനാളെ നടക്കാനാരിക്കുന്ന ചർച്ചയിൽ കോൺഗ്രസിന് നൽകുന്ന സീറ്റുകളെ സംബന്ധിച്ച്‌ ധാരണയാകും.

സിപിഎമ്മും സിപിഐയും പത്ത് മുതൽ 12 സീറ്റുകൾ വരെയാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇരു പാർട്ടികൾക്കുമായി ആകെ ആറു സീറ്റ് നൽകാമെന്ന നിലപാടിലാണ് ഡിഎംകെനേതൃത്വം. ഇന്നു ചേർന്ന ഉഭയകക്ഷി യോഗത്തിലും സീറ്റുവിഭജനം സംബന്ധിച്ച്‌ ധാരണയായില്ല.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഘടകകക്ഷികൾക്കു നൽകിയിരുന്ന സീറ്റുകൾ ഇത്തവണ നൽകാൻ സാധിക്കില്ലെന്ന നിലപാടിലാണ് ഡിഎംകെഇതോടെ മുന്നണിയിൽ ഭിന്നത രൂക്ഷമായി. ഇതിനെതിരെ കോൺഗ്രസും ഇടതു പാർട്ടികളുമടക്കം ശക്തമായി പ്രതികരിച്ചിട്ടുണ്ട്.