രണ്ടാം ലോകയുദ്ധ കാലത്തെ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ചര്‍ച്ചിലിന്‍റെ പെയിന്‍റിങ്​ ‘ഖുതുബിയ മോസ്​ക്​ ടവര്‍’ ലേലത്തില്‍ പോയത് വൻ തുകയ്ക്ക്

ലണ്ടന്‍: രണ്ടാം ലോകയുദ്ധ കാലത്ത്​ യു.എസ്​ പ്രസിഡന്‍റ്​ ഫ്രാങ്ക്​ളിന്‍ റൂസ്​വെല്‍റ്റിന്​ അന്നത്തെ ബ്രിട്ടീഷ്​ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ സ്വന്തമായി വരച്ച്‌ കൈമാറിയ അപൂര്‍വ പെയിന്‍റിങ്​ ലേലത്തില്‍ വിറ്റുപോയത്​ റെക്കോഡ്​ തുകക്ക്​. മൊറോക്കോയിലെ മറാകിഷ്​ നഗരത്തില്‍ അസ്​തമയ ചാരുതയി​ലെ മസ്​ജിദ്​ കാഴ്ചയാണ്​ ചര്‍ച്ചില്‍ പെയിന്‍റിങ്ങിന്‍റെ പ്രമേയം.

യു.എസ്​ നടി അഞ്​ജലീന ജോളിയുടെ ശേഖരത്തിലുണ്ടായിരുന്ന ‘ഖുതുബിയ മോസ്​ക്​ ടവര്‍’ എന്ന ചിത്രമാണ്​ മാര്‍ച്ച്‌​ ഒന്നിന്​ ജോളി കുടുംബം വില്‍പന നടത്തിയത്​. 2011ല്‍ നടന്‍​ ബ്രാഡ്​ പിറ്റാണ്​ ജോളിക്കായി ചിത്രം വാങ്ങി സമ്മാനിച്ചിരുന്നത്​. 2016ല്‍ ഇരുവരും പിരിഞ്ഞെങ്കിലും ചിത്രം ജോളി തന്നെ കൈവശം വെച്ചു. രണ്ടാം ലോക യുദ്ധകാലത്ത്​ ചര്‍ച്ചില്‍ വരച്ച ഏക ചിത്രം കൂടിയാണ്​ ‘ഖുതുബിയ മോസ്​ക്​ ടവര്‍’ എന്ന സവിശേഷതയുമുണ്ട്​.

1935ലാണ്​ ചര്‍ച്ചില്‍ ആദ്യമായി മൊറോക്കോയിലെത്തുന്നത്​. ആ രാജ്യത്തെ പകര്‍ത്തിയ ചിത്രങ്ങളുമായി ഓര്‍മകള്‍ നിലനിര്‍ത്തിയ ബ്രിട്ടീഷ്​ പ്രധാനമന്ത്രി അവയോട്​ തന്‍റെ വ്യക്​തിഗത ഇഷ്​ടം പ്രത്യേകം കാണിക്കുകയും ചെയ്​തു. അവയിലൊന്നാണ്​ അമേരിക്കന്‍ പ്രസിഡന്‍റിന്​ കൈമാറിയിരുന്നത്​.ചെറുപ്പകാലം മുതല്‍ പെയിന്‍റിങ്​ രംഗത്ത്​ സജീവമായിരുന്ന ചര്‍ച്ചില്‍ 500ലേറെ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്​.

മോറോക്കോയില്‍ 1943ല്‍ നടന്ന കസബ്ലാങ്ക കോണ്‍ഫറന്‍സിനാണ്​ ചര്‍ച്ചിലും റൂസ്​വെല്‍റ്റും ഒന്നിച്ച്‌​ മൊറോക്കോയിലെത്തിയിരുന്നത്​. അതുകഴിഞ്ഞ്​ അറ്റ്​ലസ്​ മലനിരകള്‍ക്കു പിറകില്‍ അസ്​തമയ കാഴ്​ചകള്‍ കണ്ടാണ്​ ഇരുവരും മടങ്ങിയത്​.