കൊച്ചി: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്കിന് കേരളത്തിലെ വ്യാപാരികളുടെ ധാർമ്മിക പിന്തുണ ഉണ്ടാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. അതേസമയം കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ഏകോപനസമിതി ജനറല്‍ സെക്രട്ടറി രാജു അപ്സര പറഞ്ഞു. പണിടുക്കിന്റെ ഭാഗമായി കടകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടില്ല. എന്നാൽ ഗതാഗതസൗകര്യം കുറവുള്ളതിനാല്‍ കച്ചവടക്കാര്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ടാവും. ഇതിനാല്‍ ചില വ്യാപാരികള്‍ കടകള്‍ തുറക്കാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് മോട്ടോർ വ്യവസായ സംയുക്ത സമരസമിതി സംസ്ഥാന വ്യാപകമായാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.
വാഹന പണിമുടക്ക് നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ്. ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും പങ്കെടുക്കും. കെഎസ്ആർടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്നു സമരസമിതി നേതാക്കൾ അറിയിച്ചു.