തിരുവനന്തപുരം: പിഎസ്‍സി ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് നടത്തി വന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. രണ്ടാം ഘട്ടമായി സമരം ഏറ്റെടുത്ത യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷന്മാരെ ആശുപത്രിയിലേക്ക് മാറ്റി. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ എം എം ഹസ്സൻ എന്നിവർ സമര പന്തലിൽ എത്തി നാരങ്ങാനീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പ് നൽകി. ന്യായമായ സമരങ്ങളെ മുഖ്യമന്ത്രി അധിക്ഷേപിക്കുകയാണെന്ന് പറഞ്ഞ ചെന്നിത്തല സിപിഒ ഉദ്യോഗാർത്ഥികളെ ഇന്നലെയും മുഖ്യമന്ത്രി അധിക്ഷേപിച്ചതായി ആരോപിച്ചു.
ഡിവൈഎഫ്ഐ സമരത്തെ പിന്നിൽ നിന്ന് കുത്തിയെന്നും ഒറ്റുകൊടുത്തെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അതേ സമയം ഉദ്യോഗാർഥികളുടെ സമരം നിർത്താനായത് സർക്കാരിൻ്റെ നേട്ടമെന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചു.