തിരുവനന്തപുരം: ശബരിമല യു.ഡി.എഫിന് രാഷ്ട്രീയ ആയുധമല്ലെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാനുള്ള ശക്തമായ നിലപാടാണ് വലതുപക്ഷം സ്വീകരിച്ചതെന്നും ഉമ്മൻ ചാണ്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ശബരിമലക്കായി യു.ഡി.എഫ് നിയമപോരാട്ടം നടത്തി. ഇതിനു കടകവിരുദ്ധമായി യുവതികളെ കയറ്റണം എന്ന നിലപാടാണ് വിഎസ് അച്യുതാനന്ദൻ സർക്കാരും പിണറായി സർക്കാരും സ്വീകരിച്ചത്. യു.ഡി.എഫ് നിലപാട് ഇടതുസർക്കാർ സ്വീകരിച്ചിരുന്നെങ്കിൽ സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടാകുമായിരുന്നില്ല. അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് സർക്കാർ പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പാതയിൽ 12.67 ഹെക്ടർ വനഭൂമി പെരിയാർ ടൈഗർ സംരക്ഷിതമേഖലയിൽ നിന്ന് നേടിയെടുത്തു.നിലയ്ക്കലിൽ 110 ഹെക്ടർ വനഭൂമി ബേസ് ക്യാമ്പിന് ലഭ്യമാക്കി.
ശബരിമല വികസനം- 456.21 കോടി, ശബരിമല മാസ്റ്റർ പ്ലാൻ- 115 കോടി, ശബരിമല റോഡുകൾ- 1041 കോടി, സീറോ വേസ്റ്റ് ശബരിമല- 10 കോടി, കണമലയിൽ പാലം- 7 കോടി, നിലയ്ക്കലിൽ നടപ്പാതകളോടുകൂടിയ 14 മീറ്റർ വീതിയുള്ള റോഡുകൾ, പതിനായിരം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം, 10 ലക്ഷം സംഭരണശേഷിയുള്ള ജലസംഭരണി, 2 കുഴൽക്കിണറുകൾ തുടങ്ങി കഴിഞ്ഞ യു.ഡി.എഫ് സർക്കാർ അനുവദിച്ച പദ്ധതികളെല്ലാം ഉമ്മൻചാണ്ടി വ്യക്തമാക്കി.