എന്ത് ചട്ടം; ‘ഉറപ്പാണ് ‘ വേണ്ടപ്പെട്ടവർക്ക് നിയമനങ്ങൾ ; കൊതി തീരാതെ സർക്കാർ ; പെരുമാറ്റച്ചട്ടം നിലവിൽവന്നിട്ടും മുൻ എംപി പികെ ബിജുവടക്കം ആറുപേർ സിൻഡിക്കേറ്റിലേക്ക് ; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും അനധികൃത നിയമനങ്ങളിൽ കൊതിതീരാതെ സർക്കാർ. നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്ന ശേഷം സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റിലേക്ക് തിരക്കിട്ട് നിയമനം നടത്തി സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് വിവാദത്തിൽ. മുൻ എംപി പികെ ബിജു ഉൾപ്പടെ സിപിഎം അനുഭാവികളായ ആറുപേരെയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നശേഷം സാങ്കേതിക സർവകലാശാല സിണ്ടിക്കേറ്റിലേക്ക് പുതുതായി നാമനിർദ്ദേശം ചെയ്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.

സാങ്കേതിക സർവകലാശാലയിലെ ഉന്നത തസ്തിയിലെ നിയമനങ്ങൾ മുന്നിൽ കണ്ടാണ് നിയമനമെന്നാണ് വിവരം. പി കെ ബിജു വിന്റെ ഭാര്യയെ കേരള സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസ്സറായി നിയമനം നൽകിയത് വിവാദമായത്തിന് തൊട്ടു പിന്നാലെയാണ് ബിജുവിന്റെ സിൻഡിക്കേറ്റ് പ്രവേശനം. ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചീഫ് ഇലക്ടറൽ ഓഫീസർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി നിവേദനം നൽകി.

പി കെ ബിജുവിനെ കൂടാതെ ഡിവൈഎഫ് മുൻ ജില്ലാ സെക്രട്ടറി ഐ സജു, ഡോ ബിഎസ് ജമുന(റിട്ട. പ്രൊഫസ്സർ കേരള യൂണിവേഴ്സിറ്റി ), എസ് വിനോദ്മോഹൻ (കൊല്ലം), ഡോ. വിനോദ് കുമാർ ജേക്കബ്(മാർ അത്തനേഷ്യസ് കോളേജ് ), ജി.സഞ്ജീവ് (എൻഎസ്എസ് കോളേജ്, പാലക്കാട്) എന്നിവരാണ് നാമനിർദ്ദേശം ചെയ്യപ്പെട്ട മറ്റ് അംഗങ്ങൾ. എല്ലാവരും ഇടതുപക്ഷ സഹയാത്രികരാണ്. നാലു വർഷമാണ് സിൻഡിക്കേറ്റിന്റെ കാലാവധി.

അനധ്യാപക തസ്തികകൾ പി എസ് സിയാണ് നടത്തേണ്ടതെങ്കിലും ഡയറക്ടർ തസ്തികകൾ അക്കാദമിക് വിഭാഗത്തിൽ പെട്ടതാണെന്ന ന്യായീകരണത്തിൽ തിരക്കിട്ട് നിയമനങ്ങൾ നടത്തുന്നതിനാണ് സിൻഡിക്കേറ്റ് പുനസംഘടിപ്പിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ സാങ്കേതിക സർവകലാശാലയുടെ സ്റ്റാറ്റ്യൂട്ടിൽ ഈ തസ്തികകൾ അനധ്യാപക ജീവനക്കാർ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്അതിനാൽ ഇത്തരം തസ്തികകളിൽ സ്ഥിര നിയമനം നടത്തുവാൻ പി എസ് സിക്ക് മാത്രമാണ് അധികാരമുള്ളത്.

അക്കാദമിക് വിദഗ്ധരും ഔദ്യോഗിക അംഗങ്ങളും മാത്രമുള്ള നിലവിലെ സിൻഡിക്കേറ്റിന് നിയമനങ്ങൾ രാഷ്ട്രീയടിസ്ഥാനത്തിൽ നടത്താനാകുന്നില്ലെന്നത് കണക്കിലെടുത്താണ് ഓർഡിനൻസിലൂടെ നിയമം ഭേദഗതി ചെയ്ത് പി കെ ബിജുവുൾപ്പടെ ആറു പേരെ നാമനിർദ്ദേശം ചെയ്തതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാറും സെക്രട്ടറി എം ഷാജിർഖാനും ആരോപിച്ചു.