കൊച്ചി: മുൻമന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് വീണ്ടും കളമശ്ശേരിയിൽ മൽസരിക്കാൻ രംഗത്തിറങ്ങിയതിനെതിരേ ലീഗിലും യുഡിഎഫിലും പ്രതിഷേധം. പാലാരിവട്ടം പാലം വീണ്ടും ചർച്ചയാകുന്നത് യുഡിഎഫിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിനെ മാറ്റി നിർത്താനുള്ള നീക്കം. കളമശ്ശേരിയിൽ വിജയിക്കാൻ വിവാദങ്ങളില്ലാത്ത സ്ഥാനാർത്ഥിയാണ് വേണ്ടതെന്നും ക്ലീൻ ഇമേജുള്ളവർ പാർട്ടിയിൽ ധാരാളമുണ്ടെന്ന് ജില്ലാ പ്രസിഡന്‍റ് എംഎ മജീദ് പരസ്യമായി പ്രതികരിച്ചു.
പാലാരിവട്ടം അഴിമതി കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ പാർട്ടിയിൽ സജീവമാകാനൊരുങ്ങുകയാണ് വി കെ ഇബ്രാഹിം കുഞ്ഞ്. ഇതിനായി പാണക്കാട് അടക്കമെത്തി നേതാക്കളെ കണ്ടു. കളമശ്ശേരിയിൽ വീണ്ടും മത്സരിക്കാനുള്ള നീക്കം ഇബ്രാഹിം കുഞ്ഞ് സജീവമാക്കുമ്പോഴാണ് എതിർപ്പുമായി ജില്ലാ നേതൃത്വം രംഗത്ത് വരുന്നത്.
യുഡിഎഫിലെ മറ്റ് കക്ഷികളും ഇബ്രാഹിം കുഞ്ഞിനെ മത്സരിപ്പിക്കുന്നതിലുള്ള ആശങ്ക അറിയിച്ചിട്ടുണ്ട്. തനിക്ക് മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മകനും മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയുമായി ഗഫൂറിന് സീറ്റ് നൽകണമെന്നാണ് ഇബ്രാഹിം കുഞ്ഞിന്‍റെ ആവശ്യം. എന്നാൽ പിൻ സീറ്റ് ഡ്രൈവിംഗ് അടക്കമുള്ള നീക്കം അനുവദിക്കാനാകില്ലെന്ന നിലപാടാണ് ജില്ലാ നേതൃത്വത്തിന്.
ഇബ്രാഹിം കുഞ്ഞിന് പകരം നിരവധി പേരുകൾ സംസ്ഥാന നേതൃത്വത്തിന് കൈമാറിക്കഴിഞ്ഞു. പാർട്ടിയിൽ തനിക്കെതിരായ നീക്കം സജീവമാകുന്നതിനിടെ സ്ഥാനാർത്ഥിയാകാനുള്ള അവകാശവാദം ഇപ്പോഴും ശക്തമാക്കുകയാണ് ഇബ്രാഹിം കുഞ്ഞ്. പത്രങ്ങളിൽ അടക്കം വികസന നേട്ടത്തന്‍റെ പരസ്യം സ്വന്തം നിലയിൽ നൽകി ഇബ്രാഹിം കുഞ്ഞ് വിവാദങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്.