‘ടിക്​ ടോക്​’ താരം പൂജ ചവാന്‍റെ ആത്മഹത്യ; മഹാരാഷ്​ട്ര വനംമന്ത്രി സഞ്​ജയ്​ റാത്തോഡ്​ രാജിവെച്ചു

മുംബൈ: ‘ടിക്​ ടോക്​’ താരം പൂജ ചവാന്‍റെ (22) ആത്മഹത്യയുമായി ബന്ധപ്പെട്ട്​ ആരോപണ വിധേയനായ മഹാരാഷ്​ട്ര വനംമന്ത്രി സഞ്​ജയ്​ റാത്തോഡ്​ രാജിവെച്ചു. വിദര്‍ഭയില്‍ നിന്നുള്ള ശിവസേന നേതാവും ബഞ്ചാര സമുദായത്തിലെ പ്രബലനുമാണ്​ റാത്തോഡ്​​. റാത്തോഡിന്‍റെ രാജിക്കായി ബിജെപി കടുത്ത സമ്മര്‍ദം ചെലുത്തിയിരുന്നു. മന്ത്രിക്കെതിരായ ആരോപണങ്ങള്‍ പൂജയുടെ ബന്ധുക്കള്‍ നിഷേധിച്ചിട്ടുണ്ട്​. കഴിഞ്ഞ ഏഴിനാണ്​ പുണെയില്‍ സഹോദരന്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന്​ വീണ്​ പൂജ മരിച്ചത്​.

തിങ്കളാഴ്​ച സംസ്​ഥാന നിയമസഭ ബജറ്റ്​ സമ്മേളനം ആരംഭിക്കാരിനിരിക്കെയാണ്​ ഞായറാഴ്​ച മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെയെ കണ്ട്​ രാജിക്കത്ത്​ നല്‍കിയത്​.സഞ്ജയ്​ റാത്തോഡും പൂജയുടെ ബന്ധുവും തമ്മില്‍ നടത്തിയതായി ആരോപിക്കുന്ന ഫോണ്‍ സംഭാഷണങ്ങളുടെ ഓഡിയോ ക്​ളിപ്പുകള്‍ ചോര്‍ന്നതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്​ പ്രതിപക്ഷ നേതാവ്​ ദേവേന്ദ്ര ഫഡ്​നാവിസ്​ രംഗത്തെത്തുകയായിരുന്നു.

പൂജയുടെ ഗര്‍ഭം അലസിയതുമായി ബന്ധപ്പെട്ട രേഖകളും മന്ത്രിയെ സംശയമുനയിലാക്കി.സംഭവത്തില്‍ മുഖ്യമന്ത്രിയുടെ​ ഉത്തരവിനെ തുടര്‍ന്ന്​ അന്വേഷണം നടക്കുന്നുണ്ട്​. കഴിഞ്ഞ 16ന്​ മുഖ്യനെ കണ്ട്​ റാത്തോഡ്​ രാജി സന്നദ്ധത അറിയിച്ചെങ്കിലും ബഞ്ചാര സമൂദായത്തിന്‍റെ സമ്മര്‍ദം ഭയന്ന് സ്വീകരിച്ചിരുന്നില്ല.