യാങ്കോൺ: മ്യാൻമറിലെ ഐക്യരാഷ്ട്ര സഭസ്ഥാനപതി ക്യാവ് മോ തുണിനെ മ്യാൻമർ പട്ടാള ഭരണകൂടം പുറത്താക്കി. പട്ടാള ഭരണകൂടത്തെ നീക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയാണീ നടപടി. മ്യാൻമറിലെ സ്റ്റേറ്റ് ടെലിവിഷനിലാണ് തുണിനെ പുറത്താക്കിയതായി പ്രഖ്യാപനം ഉണ്ടായത്.
തുൺ രാജ്യത്തെ ഒറ്റുകൊടുക്കുകയും രാജ്യത്തെ പ്രതിനിധീകരിക്കാത്ത ഒരു അനൗദ്യോഗിക സംഘടനയ്ക്ക് വേണ്ടി സംസാരിക്കുകയും ഒരു സ്ഥാനപതിയുടെ അധികാരവും ഉത്തരവാദിത്തങ്ങളും ദുരുപയോഗം ചെയ്തതായും സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
യുഎൻ പൊതുസഭയിലാണ് പട്ടാള ഭരണകൂടത്തിനെതിരെ തുൺ ആഞ്ഞടിച്ചത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് അധികാരം കൈമാറുന്നതുവരെ പട്ടാള ഭരണകൂടത്തോട് ആരും സഹകരിക്കരുതെന്ന് തുൺ പറഞ്ഞു. ജനാധിപത്യം പുനസ്ഥാപിക്കാൻ സൈന്യത്തിനെ ആവശ്യമായ ഏതൊരു മാർഗവും സ്വീകരിക്കണമെന്നും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
ഇതിനിടെ രാജ്യത്ത് പട്ടാളത്തിനെതിരെ പ്രക്ഷോഭം ശക്തമാകുകയാണ്. പ്രതിഷേധ റാലിയിൽ പങ്കെടുത്ത നിരവധി പേരെ സൈന്യം അറസ്റ്റ് ചെയ്തു. മോൺവിയ നഗരത്തിൽ പ്രക്ഷോഭത്തിനു നേർക്കുണ്ടായ വെടിവയ്പിൽ സ്ത്രീക്ക് വെടിയേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മറ്റുവിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.