കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സമയം ചെലവഴിച്ചത് പിആര്‍ പണിക്കുവേണ്ടിയാണെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് കേന്ദ്രമന്ത്രി രംഗത്ത് വന്നത്. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമുണ്ട്. എസ്ഡിപിഐയുമായി ഇടത് സര്‍ക്കാരിന് രഹസ്യബന്ധമുണ്ട്. ദൈവത്തിന്റെ സ്വന്തം നാട് മൗലികവാദികളുടെ നാടായി മാറിയെന്നും അവര്‍ പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന വിജയ് യാത്രയിലായിരുന്നു നിര്‍മലയുടെ പരാമര്‍ശം. ചോദ്യങ്ങള്‍ക്കൊന്നും സര്‍ക്കാരിന് മറുപടിയില്ലെന്നും രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയോട് ഈ ചോദ്യങ്ങളൊന്നും ചോദിക്കുന്നില്ലെന്നും നിര്‍മ്മല സീതാരാമന് കൂട്ടിച്ചേര്‍ത്തു.
കിഫ്ബിക്കെതിരെയും മന്ത്രി വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. കേരളത്തിലെ എല്ലാ പദ്ധതി നിര്‍വഹണവും കൈകാര്യം ചെയ്യുന്നത് കിഫ്ബിയാണെന്നും ഇത് എന്ത് തരം ബജറ്റ് തയാറാക്കലാണെന്നും നിര്‍മ്മല ചോദിക്കുന്നു. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് സിഎജി വ്യക്തമാക്കിയതാണെന്നും അവര്‍ പറഞ്ഞു.
കേരളത്തിന്റെ ക്രമസമാധാന നില തകര്‍ന്ന നിലയിലാണ്. വാളയാര്‍, പെരിയ കൊലപാതകം, വയലാര്‍ കൊലപാതകങ്ങള്‍ പരാമര്‍ശിച്ചായിരുന്നു ധനമന്ത്രിയുടെ വിമര്‍ശനം. കേരളമെങ്ങനെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കപ്പെടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് നിര്‍മ്മലാ സീതാരാമന് ആവശ്യപ്പെട്ടു.