ഉമ്മൻചാണ്ടി ഒഴികെ അഞ്ചുതവണ എംഎൽഎ ആയവരെ ഒഴിവാക്കണം: കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഹൈക്കമാൻഡിന് കത്തയച്ചു

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിന് പൊതുമാനദണ്ഡം വേണമെന്നാവശ്യപ്പെട്ട് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഹൈക്കമാൻഡിന് കത്തയച്ചു. ഉമ്മൻചാണ്ടി ഒഴികെ അഞ്ചുതവണ എംഎൽഎ ആയവരെ ഒഴിവാക്കണം. രണ്ടുതവണ തിരഞ്ഞെടുപ്പിൽ തോറ്റവരെ പരിഗണിക്കരുതെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ടി എൻ പ്രതാപൻ എംപി ഉൾപ്പടെയുളളവർ ചേർന്നാണ് കത്ത് ഹൈക്കമാൻഡിന് അയച്ചിരിക്കുന്നത്. വിജയസാധ്യത മാത്രമായിരിക്കണം പ്രധാനമാനദണ്ഡമെന്നാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്.

തുടർച്ചയായി രണ്ടുതവണ തോറ്റവരെ പരിഗണിക്കരുത്. പ്രാദേശികമായി ജനസ്വാധീനമുളളവർക്ക് സീറ്റ് നൽകണം. ഓരോ ജില്ലയിലെയും സ്ഥാനാർഥി നിർണയത്തിൽ അതാത് ജില്ലയിലെ സ്ഥാനാർഥികൾക്ക് തന്നെ പ്രാമുഖ്യം വേണം.
മുൻകാലങ്ങളിൽ നടന്ന പോലെ ഗ്രൂപ്പ് വീതം വെപ്പ് പാടില്ല. എല്ലാ ജില്ലകളിലും നിർബന്ധമായും ഒരു വനിതയെ മത്സരിപ്പിക്കണം, തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.

വനിതകൾക്ക് ജയസാധ്യതയുളള സീറ്റുകൾ ഉറപ്പുവരുത്തണം. എല്ലാ ജില്ലകളിലും 40 വയസ്സിന് താഴെ പ്രായമുളള രണ്ടുപേർക്ക് അവസരം നൽകണം, ഇത്തരത്തിൽ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രാതിനിധ്യം ഉറപ്പുവരുത്താൻ കഴിയും.ഗുരുതര ക്രിമിനൽ കേസിൽ പെട്ടവരേയും സ്വഭാവദൂഷ്യമുളളവരെയും സ്ഥാനാർഥികളാക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

എല്ലായിടത്തും സാമുദായിക സന്തുലിതാവസ്ഥ പാലിക്കണം. അതേസമയം ഏതെങ്കിലും ഒരു മണ്ഡലം ഒരു സമുദായത്തന്റെ കുത്തകയാക്കുന്ന സമീപനം അവസാനിപ്പിക്കണം. മത-സാമുദായിക ശക്തികൾ സ്ഥാനാർഥി നിർണയത്തിൽ ഇടപെടുന്നത് ഒഴിവാക്കണം. – തുടങ്ങിയ നിർദേശങ്ങളാണ് കത്തിലുളളത്.