പുതുച്ചേരി: കേന്ദ്രം രണ്ടുവർഷം മുമ്പ് ഫിഷറീസ് വകുപ്പ് ആരംഭിച്ചത് പോലും അറിയാത്ത വ്യക്തിയാണ് രാഹുൽ ഗാന്ധിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മത്സ്യത്തൊഴിലാളികൾക്ക് അവരുടെ പ്രശ്നങ്ങൾ പങ്കുവെക്കാൻ പ്രത്യേക മന്ത്രാലയം വേണമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അവധിയിലായിരുന്നതുകൊണ്ടാകും ഇക്കാര്യം അദ്ദേഹം അറിയാതിരുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുതുച്ചേരിയിലെത്തിയപ്പോഴായിരുന്നു അമിത് ഷായുടെ പ്രതികരണം.
‘കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇവിടെവെച്ച് എന്തുകൊണ്ടാണ് മോദി സർക്കാർ മത്സ്യത്തൊഴിലാളികൾക്കായി ഒരു പ്രത്യേക വകുപ്പ് നിർമിക്കാതിരുന്നതെന്ന് രാഹുൽ ഗാന്ധി ചോദിച്ചിരുന്നു. മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക വകുപ്പിന് നരേന്ദ്രമോദി നേരത്തേ രൂപം നൽകിയിരുന്നു. രാഹുൽ ഭയ്യാ.. നിങ്ങൾ അവധിയിലായിരുന്നു. അതുകൊണ്ടാണ് നിങ്ങൾക്ക് ഇക്കാര്യം അറിയാത്തത്.’ എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. രാഹുൽ ഗാന്ധിയുടെ വിദേശ യാത്രകളെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ‘അവധി’പരാമർശം അമിത് ഷാ നടത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ സന്ദർശനം നടത്തിയപ്പോഴാണ് മത്സ്യത്തൊഴിലാളികളുടെ പ്രശ്നപരിഹാരത്തിനായി കേന്ദ്രത്തിൽ ഫിഷറീസ് വകുപ്പില്ലെന്ന ആരോപണം രാഹുൽ ഉന്നയിക്കുന്നത്. എന്നാൽ 2019-ൽ തന്നെ ഫിഷറീസ് വകുപ്പിന് മോദി സർക്കാർ രൂപം നൽകിയിരുന്നെന്നും ഇക്കാര്യം ലോകസഭാംഗമായ രാഹുലിന് അറിയില്ലേ എന്നും ചോദിച്ച് ബിജെപി ഉടൻ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.