കേരളം ലൗ ജിഹാദ് ഏറ്റവും ശക്തമായി നിലനിൽക്കുന്ന സംസ്ഥാനം ; ലൗജിഹാദ് തടയാൻ നിയമം കൊണ്ടുവരും:കെ സുരേന്ദ്രൻ

തൃശൂർ: ലൗ ജിഹാദ് ഏറ്റവും ശക്തമായി നിലനിൽക്കുന്ന സംസ്ഥാനം കേരളമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലാണ് തീവ്രവാദ സംഘടനകൾ പ്രണയം നടിച്ച് വിവാഹം കഴിച്ച് മതപരിവർത്തനം നടത്തി ആളുകളെ സിറിയയിലേക്ക് അയയ്‌ക്കുന്നത്. പ്രണയിച്ച് വിവാഹം കഴിക്കുന്നതിനോട് ആരും എതിരല്ലെന്നും എന്നാൽ വിവാഹം കഴിഞ്ഞ ദമ്പതികൾ എന്തിനാണ് സിറിയയിലേക്ക് പോകുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇന്നലെയും സ്‌ഫോടക വസ്‌തുക്കൾ പിടിച്ചിരിക്കുകയാണ്. ശക്തമായ മുസ്ലീം തീവ്രവാദ സാന്നിദ്ധ്യമുളള സംസ്ഥാനമാണ് കേരളം. ലൗ ജിഹാദ് യാഥാർത്ഥ്യമാണ്. അത് കേരളത്തിലെ ക്രൈസ്‌തവ സഭകളടക്കം ശക്തമായി പറയുന്ന കാര്യമാണ്.

ലൗ ജിഹാദ് തടയാൻ യു പി മാതൃകയിൽ നിയമം കൊണ്ടുവരുമെന്നത് ബി ജെ പി പ്രകടനപത്രികയിലെ ശക്തമായ വാഗ്ദാനമാണ്. ലീഗ് ഇന്ത്യയെ വിഭജിച്ച പാർട്ടിയാണെന്നും അവരുമായി യാതൊരു ചർച്ചയ്‌ക്കുമില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

അതേസമയം, കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുളള സമിതി ഇന്ന് കൊച്ചിയിൽ യോഗം ചേർന്ന് കരട് പ്രകടന പത്രികയ്‌ക്ക് അന്തിമ രൂപം നൽകും. വിശ്വാസത്തെ വോട്ടാക്കിമാറ്റാനുളള നിർദേശങ്ങൾക്കാണ് പ്രകടന പത്രികയിൽ ബി ജെ പി ഊന്നൽ നൽകുന്നത്. യു ഡി എഫ് പ്രഖ്യാപിച്ചത് പോലെ അധികാരത്തിലെത്തിയാൽ ശബരിമലയ്‌ക്കായി നിയമ നിർമ്മാണം കൊണ്ടുവരുമെന്നതാണ് പത്രികയിലെ മറ്റൊരു പ്രധാന വാഗ്ദാനം.