തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ പരിശോധന വർധിപ്പിക്കാൻ മൊബൈൽ ആർടിപിസിആർ ലാബുകൾ സജ്ജമാക്കാൻ സർക്കാർ തീരുമാനം. ഇതിനായി സ്വകാര്യ കമ്പനികൾക്ക് സർക്കാർ ടെൻഡർ നൽകി. ഒരു പരിശോധനയ്‌ക്ക് 448 രൂപയായിരിക്കും ചാർജ്.
ആർടിപിസിആർ ടെസ്റ്റ് ഇത്രയും ചെറിയ ചാർജ്ജിന് ലഭ്യമാകുമ്പോൾ പരിശോധന നടത്താൻ കൂടുതൽ ആളുകൾ എത്തുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. കൂടുതൽ ആർടിപിസിആർ ലാബ് സൗകര്യം ഒരുക്കാൻ സർക്കാർ നിർദേശം നൽകി.
പരിശോധനയുടെ എണ്ണം കൂട്ടാൻ ജില്ലാ ഭരണകൂടങ്ങൾക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ സംവിധാനം പൂർണമായി വിനിയോഗിക്കണം. ലക്ഷ്യം നേടാൻ മറ്റ് ലാബുകളെയും ആശ്രയിക്കാമെന്നും സർക്കാർ പറഞ്ഞു.
തെറ്റ് പറ്റിയാലോ ഫലം 24 മണിക്കൂറിലേറെ വൈകിയാലോ ലാബിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് സർക്കാർ മുന്നറിയിപ്പു നൽകി. കൊറോണ ആർടിപിസിആർ ടെസ്റ്റ് ഫലം വെെകുന്നതായി നേരത്തെ ആക്ഷേപമുയർന്നിരുന്നു.
ചുരുങ്ങിയ ചാർജ്ജിന് ആർടിപിസിആർ ടെസ്റ്റ് നടത്താൻ സാധിച്ചാൽ കേരളത്തിൽ നിന്നു മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവർക്ക് അത് പ്രയോജനകരമാകും. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് വിവിധ സംസ്ഥാനങ്ങളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നു വരുന്നവർക്ക് തമിഴ്‌നാട്ടിൽ ഏഴുദിവസം ഹോം ക്വാറന്റൈൻ നിർബന്ധമാക്കി. കേരള-തമിഴ്‌നാട് അതിർത്തികളിൽ കർശന പരിശോധന നടത്തും.