മലപ്പുറം: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ കാല് കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമേ മുഖ്യമന്ത്രി പിണറായി വിജയന് ഉള്ളൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യോഗിയെ വിമർശിച്ച പിണറായിക്ക് മറുപടി പറയുകയായിരുന്നു സുരേന്ദ്രൻ
ഭരണപരാജയം മറച്ചുവയ്ക്കാനാണ് പിണറായി യോഗിയെ വിമർശിക്കുന്നത്. യോഗിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഇപ്പോഴും സെക്രട്ടറിയേറ്റിൽ ജോലി ചെയ്യുകയാണ്. അദ്ദേഹം ജയിലിൽ അല്ല. യോഗിയുടെ ഓഫീസ് കേന്ദ്രീകരിച്ചത് സ്വർണവും ഡോളറും കടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യോഗിയുടെ പേരിൽ നയാ പൈസയുടെ അഴിമതി ഇല്ല. അദ്ദേഹം അധികാരത്തിലെത്തുന്പോൾ യുപിയിലെ ആരോഗ്യമേഖല തകർന്നു കിടക്കുകയായിരുന്നു. അത് കുറഞ്ഞ കാലയളവിൽ മികച്ചതാക്കി. യുപിയിൽ കോവിഡ് ടെസ്റ്റ് ചെയ്യുന്നില്ലെന്നാണ് പിണറായി ആരോപിക്കുന്നത്. ഇത് വെബ്സൈറ്റിൽ പരിശോധിച്ചാൽ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ കുറിച്ച് പഠിക്കണമെന്നാണ് പിണറായി പറയുന്നത്. എന്താണ് കേരളത്തെ കുറിച്ച് പഠിക്കാനുള്ളത്. 250 രൂപയ്ക്ക് കിറ്റ് കൊടുക്കുന്നതാണോ പഠനമെന്നും സുരേന്ദ്രൻ പരിഹസിച്ചു.