ഭരണത്തുടർച്ചയ്ക്കായി അവസാന വട്ട ശ്രമങ്ങളുമായി സർക്കാരുകൾ; സ്വർണപ്പണയ വായ്പ എഴുതിത്തള്ളി തമിഴ്നാടും വേതനം വർധിപ്പിച്ച് ബംഗാളും

ചെന്നൈ/കൊൽക്കത്ത: തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ തമിഴ്‌നാട് സർക്കാർ സ്വർണപ്പണയ വായ്പകൾ എഴുതിതള്ളി ഒപ്പം അടിസ്ഥാന വേതനം വർദ്ധിപ്പിക്കുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും. ഭരണത്തുടർച്ചയ്ക്കായി അവസാന വട്ട ശ്രമങ്ങളിലാണ് സർക്കാരുകൾ.

ബംഗാൾ, തമിഴ്‌നാട്, അസം,കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തീയ്യതി ഇന്ന് നാലരയ്ക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ഏപ്രിൽ ആറിനാണ് കേരളത്തിലും തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടിൽ സ്വർണപ്പണയ വായ്പകൾ എഴുതിത്തള്ളുന്നതായി മുഖ്യമന്ത്രി ഇ.പളനിസ്വാമിയാണ് പ്രഖ്യാപിച്ചത്. സഹകരണ ബാങ്കുകളിൽ കർഷകരും പാവപ്പെട്ടവരും പണയം വെച്ചിരിക്കുന്ന ആറ് പവൻ വരെയുള്ള സ്വർണ പണയത്തിനാണ് ഇളവ് ലഭിക്കുന്നത്.

ദിവസ വേതനക്കാർക്കുള്ള അടിസ്ഥാന വേതനം വർധിപ്പിക്കുമെന്നായിരുന്നു പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രഖ്യാപിച്ചത്. അവിദഗ്ദ്ധ തൊഴിലാളികളുടെ വേതനം 144 നിന്ന് 202 ആയും കുറഞ്ഞ വൈദ്യഗ്ധ്യമുള്ളവർക്ക് 172 ൽ നിന്ന് 303 ആയും വിദഗ്ദ്ധ തൊഴിലാളികൾക്ക് 404 രൂപയായും ആണ് വേതനം വർദ്ധിപ്പിച്ചത്.