ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പ്ലാറ്റ്ഫോം; ഹുബ്ബള്ളി ശ്രീ സിദ്ധരൂദ സ്വാമിജി റെയിൽവേ സ്റ്റേഷനിൽ

ബെംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പ്ലാറ്റ്ഫോമായി ഹുബ്ബള്ളി ശ്രീ സിദ്ധരൂദ സ്വാമിജി റെയിൽവേ സ്റ്റേഷനിലെ 1,505 മീറ്റർ ദൈർഘ്യമുള്ള പ്ലാറ്റ്ഫോം. 681 മീറ്ററുണ്ടായിരുന്ന പ്ലാറ്റ്ഫോമാണ് നീളം കൂട്ടിയെടുത്തത്. ഈ പ്ലാറ്റ്ഫോമിൽ ഒരേസമയം രണ്ട് തീവണ്ടികൾക്ക് നിർത്തിയിടാം. മറ്റൊരു പ്ലാറ്റ്ഫോം 1,123 മീറ്ററാക്കി നവീകരിക്കുകയും ചെയ്തു.

പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടിയതിനാൽ ദക്ഷിണ പശ്ചിമ റെയിൽവേയുടെ ആസ്ഥാനം കൂടിയായ ഹുബ്ബള്ളിയിൽ തീവണ്ടി ഗതാഗതം കൂടുതൽ സുഗമമാകുമെന്ന് അധികൃതർ അറിയിച്ചു. സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ എണ്ണം അഞ്ചിൽനിന്ന് എട്ടായി ഉയർന്നു. ഒരേസമയം, ബെംഗളൂരു, ഗദഗ്, ഗോവ ഭാഗങ്ങളിലേക്ക് തീവണ്ടികൾക്ക് പോകാനും വരാനും സാധിക്കും.

യാർഡിലെ പ്രധാന പാതയിൽ 15 കിലോമീറ്റർ വേഗമെന്ന നിയന്ത്രണത്തിൽ ഇളവ് വരും. റെയിൽവേ യാർഡിൽ ഇലക്ട്രോണിക് ഇന്റർലോക്കിങ് സംവിധാനവും നിലവിൽ വന്നു.