ലണ്ടൻ: ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടൻ സ്വദേശിയായ ഒലിവർ മക്മാനസ് ഓർഡർ ചെയ്ത ഭക്ഷണത്തോടൊപ്പം സൗജന്യമായി ലഭിച്ചത് ഒരു കുപ്പി മൂത്രം. ഇക്കഴിഞ്ഞ ദിവസം ഒലിവർ ഹലോഫ്രഷിൽ ഓർഡർ ചെയ്ത ഭക്ഷണത്തിനൊപ്പമാണ് ഒലിവറിന് മൂത്രം ലഭിച്ചത്. തുടർന്ന്, ഫോട്ടോ സഹിതം സംഭവത്തെക്കുറിച്ച് ഒലിവർ ട്വീറ്റ് ചെയ്തു.
ഹലോഫ്രെഷ് ഭക്ഷണ കിറ്റുകൾക്കൊപ്പം പാനീയങ്ങൾ നൽകാറില്ലെന്നാണ് റിപ്പോർട്ട്. ഭക്ഷണം ഡെലിവറി ചെയ്യാൻ വന്നയാളോ മറ്റോ ടോയ്ലറ്റിൽ പോകുന്ന സമയം ലാഭിക്കാനായി ചെയ്തതാകാം ഇതെന്നും, കുപ്പി ആകസ്മികമായി ഉപേക്ഷിച്ചതാകാമെന്നുമാണ് ചിലർ അഭിപ്രായപ്പെടുന്നത്.
അതേസമയം വിഷയത്തിൽ പ്രതികരണവുമായെത്തിയ ഹലോഫ്രെഷ് എങ്ങനെയാണ് ഖേദപ്രകടനം നടത്തേണ്ടതെന്ന് അറിയില്ലെന്നാണ് പറഞ്ഞത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഒലിവറിനോട് നേരിട്ട് ക്ഷമ ചോദിച്ചതായും കമ്പനി വ്യകത്മാക്കി.