കൊറോണ വ്യാപനം തടയാൻ കേരളമടക്കം 10 സംസ്ഥാനങ്ങളിലേക്കു ഉന്നതതല സംഘത്തെ അയക്കാൻ കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: കൊറോണ വ്യാപന ശൃംഖല തകർക്കുന്നതിനുള്ള നടപടികൾക്കായി കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കും ഉന്നതതല സംഘത്തെ അയക്കാൻ കേന്ദ്ര സർക്കാർ. ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഓഫീസർമാരാണ് മൂന്ന് മൾട്ടി ഡിസിപ്ലിനറി ടീമുകൾക്ക് നേതൃത്വം നൽകുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്ര, കേരളം, ഛത്തീസ്ഗഢ്, ഗുജറാത്ത്, പഞ്ചാബ്, മധ്യപ്രദേശ്, കർണാടക, തമിഴ്നാട്, പശ്ചിമബംഗാൾ, ജമ്മു കശ്മീർ എന്നിവിടങ്ങളിലേക്കാണ് സംഘത്തെ അയക്കുക. കൊറോണ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണിത്.

കേന്ദ്ര സംഘങ്ങൾ സംസ്ഥാന ഉദ്യോഗസ്ഥരുമായി ചേർന്ന് പ്രവർത്തിക്കുകയും കേസുകളുടെ വർദ്ധനവിനുള്ള കാരണങ്ങൾ അന്വേഷിക്കുകയും ചെയ്യും. വ്യാപന ശൃംഖല തകർക്കുന്നതിനുള്ള നടപടികൾക്കായി സംസ്ഥാനങ്ങളിലെ ആരോഗ്യപ്രവർത്തകരെ ഏകോപിപ്പിക്കുകയും ചെയ്യും.

കേസുകൾ കൂടുതലുള്ള ജില്ലകളിലെ ഉദ്യോഗസ്ഥരുമായി നിരന്തരം അവലോകനങ്ങൾ നടത്താനും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സംഘത്തിന് ചീഫ് സെക്രട്ടറിമാരെ സന്ദർശിക്കുന്നതിനുള്ള സമയം അനുവദിച്ച് നൽകാനും സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.

ദിനംപ്രതിയുള്ള കേസുകൾ വർദ്ധിക്കുന്ന കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഗുജറാത്ത്, കശ്മീർ എന്നിവിടങ്ങളിൽ ആർടി-പിസിആർ ടെസ്റ്റിന്റെ അനുപാതം കുറവാണെന്നും കേസുകൾ വർദ്ധിക്കുന്നതായും ചൂണ്ടിക്കാട്ടി ഈ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ കത്തയച്ചു.

ആർടി-പിസിആർ ടെസ്റ്റുകൾ വർദ്ധിപ്പിക്കാനും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ലകളിൽ രണ്ട് തരത്തിലുള്ള പരിശോധനകൾ നടത്താനും ആവശ്യപ്പെട്ടു.

ആന്റിജൻ പരിശോധനയിൽ നെഗറ്റീവായാലും ആർടി-പിസിആർ പരിശോധന നിർബന്ധമായും നടത്തണം. പോസിറ്റീവ് കേസുകളിൽ സമ്പർക്കങ്ങൾ കണ്ടെത്തുന്നതിൽ ജാഗ്രത കാണിക്കണമെന്നും കത്തിൽ വ്യക്തമാക്കി.

രാജ്യത്തെ നിലവിലുള്ള സജീവ കേസുകളിൽ 75 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.