കൊല്ലം: മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒരു മണിക്കൂർ മത്സ്യത്തൊഴിലാളികൾക്കൊപ്പം കടൽയാത്ര നടത്തിയ രാഹുൽ അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. ഇന്ന് പുലർച്ചെ കൊല്ലം വാടി തുറമുഖത്തു നിന്നാണ് രാഹുൽ കടൽയാത്രക്ക് പുറപ്പെട്ടത്. ഒരു മണിക്കൂറോളം മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ ചെലവഴിച്ച ശേഷമാണ് തിരികെയെത്തിയത്.
കെസി വേണുഗോപാല്‍ എംപി ഉള്‍പ്പെടെയുളളവര്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം ഉണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളുമായി ബുധനാഴ്ച രാവിലെ നടത്തുന്ന സംവാദ പരിപാടിക്ക് മുന്നോടിയായാരുന്ന കടൽയാത്ര. തുടർന്ന് ആയിരത്തോളം മത്സ്യത്തൊഴിലാളികളുമായി രാഹുൽ സംവദിച്ചു.
ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ കമ്പനിയുമായി സർക്കാർ ധാരണയുണ്ടാക്കിയതു സംബന്ധിച്ച ആശങ്കകൾ അവർ പങ്കുവച്ചു. തീരദേശത്തിൻ്റെ പ്രശ്നങ്ങളും പിന്നോക്കാവസ്ഥയും അടക്കമുള്ള പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു രാഹുലിൻ്റെ സന്ദർശനവും സംവാദപരിപാടിയും.