മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള മുന്നൊരുക്കങ്ങളായില്ല; കേരളത്തില്‍ രണ്ടാംഘട്ട വാക്‌സിനേഷന്‍ തിങ്കളാഴ്ച തുടങ്ങില്ല

തിരുവനന്തപുരം: രാജ്യത്തെ രണ്ടാംഘട്ട വാക്‌സിന്‍ വിതരണം തിങ്കാഴ്ച ആരംഭിക്കുമെങ്കിലും സംസ്ഥാനത്ത് വാക്‌സിന്‍ വിതരണം വൈകാന്‍ സാധ്യത. ഒന്നാംഘട്ട വാക്‌സിന്‍ വിതരണം ഇതുവരെ സംസ്ഥാനത്ത് പൂര്‍ത്തിയായിട്ടില്ല. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള രണ്ടാംഘട്ട വാക്‌സിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാകാത്തതാണ് കാരണം. രജിസ്‌ട്രേഷന്‍ നടപടികളടക്കം ആരംഭിക്കാത്തതിനാല്‍ തിങ്കളാഴ്ച സംസ്ഥാനത്ത് വാക്‌സിന്‍ വിതരണം ആരംഭിക്കാനാകില്ലെന്നാണ് വിലയിരുത്തല്‍.

60 വയസ്സിനു മുകളില്‍ പ്രായമായവര്‍ക്കും മറ്റു രോഗങ്ങളുള്ള 45 വയസ്സിനു മുകളില്‍ പ്രായമായവര്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ വാകിസിന്‍ നല്‍കുന്നത്. എന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം വാക്‌സിന്‍ വിതരണം പൂര്‍ത്തിയാവാനുള്ളതിനാല്‍ രണ്ടാംഘട്ടം സംസ്ഥാനത്ത് വൈകാനാണ് സാധ്യത. രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിക്കാതെ പോയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീണ്ടും അവസരം നല്‍കണമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെകെ ശൈലജ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു.

കേരളം അടക്കമുള്ള പത്തു സംസ്ഥാനങ്ങളില്‍ കേന്ദ്രം കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. പ്രതിദിന കൊറോണ ബാധിതരുടെ എണ്ണത്തില്‍ ഇപ്പോഴും മഹാരാഷ്ട്രയും കേരളവുമാണ് മുന്നില്‍. ഇന്ന് സംസ്ഥാനത്ത് 4106 പേര്‍ക്കാണ് രോഗം സ്തിരീകരിച്ചത്. ഈ സാഹചര്യത്തിലും വാക്‌സിനേഷന്‍ പ്രവര്‍ത്തനം കൃത്യമായി നടക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.