വിവാദ നടപടികളിലൂടെ ശ്രദ്ധേയനായ ഐപിഎസ് ഓഫിസര്‍ യതീഷ് ചന്ദ്രയ്ക്ക്‌ കര്‍ണാടക കേഡറിലേക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: ശബരിമലയിലടക്കം വിവാദ നടപടികളിലൂടെ ഏറെ വിമർശനങ്ങൾക്കിട നൽകിയ ഐപിഎസ് ഓഫിസര്‍ യതീഷ് ചന്ദ്രയ്ക്ക് കര്‍ണാടക കേഡറിലേക്ക് സ്ഥലംമാറ്റം അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. മൂന്ന് വര്‍ഷത്തേക്കാണ് യതീഷ് ചന്ദ്ര കര്‍ണാടക കേഡറിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടത്.

നേരത്തെ കണ്ണൂര്‍ എസ്.പി ആയിരുന്ന യതീഷ് ചന്ദ്രയെ കഴിഞ്ഞ മാസം കെഎപി നാലാം ബറ്റാലിയന്‍ മേധാവിയായി മാറ്റിനിയമിച്ചിരുന്നു. ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ അധിക്ഷേപിച്ചെന്നത് ഏറെ വിവാദമായിരുന്നു.

കണ്ണൂര്‍ എസ്പിയായിരിക്കെ കൊറോണ നിയന്ത്രണം പാലിക്കാത്തവരെ ഏത്തമിടീപ്പിച്ചത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വൈപ്പിനില്‍ സമരക്കാരെ ലാത്തിച്ചാര്‍ജ് ചെയ്തതും വലിയ വിമര്‍ശനത്തിനിടയാക്കി.

ഒരു ഘട്ടത്തിൽ മുഖ്യമന്ത്രിയുടെയും വിമര്‍ശനത്തിന് പാത്രമായതിന് പിന്നാലെയാണ് കഴിഞ്ഞ മാസം യതീഷ് ചന്ദ്രയെ കെ.എപി നാലാം ബറ്റാലിയനിലേക്ക് മാറ്റിയത്.