പാകിസ്ഥാനിൽ ഉദ്യോഗസ്ഥർക്കു നേരേ തീവ്രവാദി ആക്രമണം; നാലു വനിതകളെ ഭീകരർ കൊല്ലപ്പെടുത്തി

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ നാലു വനിതകൾ കൊല്ലപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന നാല് സ്ത്രീകൾ കൊല്ലപ്പെടുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്ന വടക്കുപടിഞ്ഞാറൻ ഗോത്രമേഖലയിലാണ് ഭീകരർ വനിതകളായ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയത്.

പാക്സ്ഥാനിലെ പ്രശസ്തമായ എൻജിഒ സംഘടനയിലെ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ട വനിതകൾ. നോർത്ത് വസീറിസ്ഥാൻ ജില്ലയിലെ മിർ അലി പട്ടണത്തിനടുത്തുള്ള ഇപി ഗ്രാമത്തിലാണ് ആക്രമണം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അക്രമികളെ പിടികൂടാനായി പോലീസ് പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്. ജില്ലാ പോലീസ് മേധാവി ഷാഫി ഉല്ലാ ഖാൻ്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ആക്രമണത്തിന് ശേഷം ഭീകരർ സമീപത്തെ കുന്നുകളിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.

സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. സ്ത്രീകൾക്ക് വീടുകളിൽ ബിസിനസ്സ് ചെയ്യാൻ പരിശീലിപ്പിക്കുകയാണ് ഈ സംഘടനയുടെ പ്രവർത്തനം.

കൊല്ലപ്പെട്ട വനിതാ പ്രവർത്തകർ മിർ അലിയിൽ നിന്ന് ഖൈബർ പഷ്തുൻഖ്വയിലെ ബന്നു പട്ടണത്തിലേക്ക് പോവുന്നതിനിടെയായിരുന്നു ആക്രമണം. സ്ത്രീകളുടെ വരവിനെക്കുറിച്ച് തീവ്രവാദികൾക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും അവർക്കായി കാത്തിരിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.