രാജ്യത്ത് സജീവമായ കൊറോണ കേസുകളുടെ 38 ശതമാനവും കേരളത്തിൽ

ന്യൂഡെല്‍ഹി: രാജ്യത്ത് നിലവില്‍ സജീവമായ ആകെ കൊറോണ കേസുകളുടെ 38 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് സജീവ കേസുകള്‍ ഒന്നര ലക്ഷത്തിനും താഴെയെത്തി. പ്രതിദിന മരണനിരക്ക് ശരാശി 100 ല്‍ താഴെയായി തുടരുന്നു. രാജ്യത്തെ കൊറോണ പോസിറ്റിവിറ്റി നിരക്ക് 5.19 ശതമാനമാണ്.

മഹാരാഷ്ട്ര 37 ശതമാനവും കര്‍ണാടക 4 ശതമാനം തമിഴ്‌നാട് 2.78 ശതമാനം എന്നങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ഉയര്‍ന്ന കേസുകള്‍ എന്ന് ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പോസിറ്റിവിറ്റി നിരക്കില്‍ ഏതാനും ആഴ്ചകളായി ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും പോസിറ്റിവിറ്റി നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ 1,17,64,788 പേര്‍ക്കാണ് കൊറോണ വാക്‌സിന്‍ നല്‍കിയതെന്നും രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി. കൊറോണ വൈറസിന്റെ ബ്രിട്ടീഷ് വകഭേദം ഇതുവരെ 187 പേര്‍ക്ക് സ്ഥിരീകരിച്ചിട്ടുണ്ട്.

വൈറസിൻ്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം ആറു പേര്‍ക്കും ബ്രസീലിയന്‍ വകഭേദം ഒരാള്‍ക്കും സ്ഥിരീകരിച്ചതായി നീതി ആയോഗ് അംഗം ഡോ. വികെ പോള്‍ വ്യക്തമാക്കി.