ആലപ്പുഴ: മാന്നാറിൽനിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പാലക്കാട്ട് ഉപേക്ഷിച്ച സംഭവത്തിൽ കസ്റ്റംസ് അന്വേഷണം തുടങ്ങി. യുവതിക്ക് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നതോടെയാണ് കസ്റ്റംസ് സംഘവും അന്വേഷണം നടത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ മാന്നാർ പോലീസ് സ്‌റ്റേഷനിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കസ്റ്റംസ് സംഘം എത്തിയിരുന്നു. തുടർന്ന് കസ്റ്റംസ് യുവതിയുടെ വീട്ടിലെത്തി മൊഴിയെടുത്തു.
മാന്നാറിലെ വീട്ടിൽനിന്ന് കൊരട്ടിക്കാട് സ്വദേശിനിയായ ബിന്ദുവിനെയാണ് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. മണിക്കൂറുകൾക്ക് ശേഷം യുവതിയെ ഇവർ പാലക്കാട് വടക്കഞ്ചേരിയിൽ ഉപേക്ഷിച്ചു. തുടർന്ന് യുവതി പോലീസ് സ്‌റ്റേഷനിലെത്തി അഭയം തേടുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ദുബായിൽനിന്നെത്തിയ യുവതിയെ സ്വർണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
അതിനിടെ, യുവതിക്ക് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ദുബായിൽനിന്ന് ഒന്നരക്കിലോ സ്വർണം കൊണ്ടുവന്നിരുന്നതായും പിടിക്കപ്പെടുമെന്ന് ഭയന്നപ്പോൾ ഇത് വിമാനത്താവളത്തിൽ ഉപേക്ഷിച്ചതായി ബിന്ദുവും പോലീസിന് മൊഴി നൽകി. എന്നാൽ യുവതിയുടെ മൊഴികളിൽ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
ദുബായിൽനിന്ന് കൊണ്ടുവന്ന സ്വർണം മറ്റാർക്കെങ്കിലും കൈമാറിയോ എന്നതടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്. ഹനീഫ എന്നയാളാണ് ദുബായിൽവെച്ച് ബിന്ദുവിന് സ്വർണം നൽകിയതെന്നും ഇയാളാണ് രണ്ടുതവണ യുവതിക്ക് വിസിറ്റിങ് വിസ സംഘടിപ്പിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്ന വിവരം സ്ഥിരീകരിച്ചതോടെയാണ് കസ്റ്റംസും ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നത്.
അതേസമയം താന്‍ സ്വര്ണക്കടത്തുകാരിയല്ലെന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട ബിന്ദു. മാധ്യമങ്ങളോട് പറഞ്ഞു. ദുബായില്‍ നിന്നുമെത്തിയപ്പോള്‍ ഹനീഫ തന്റെ കൈവശം ഒരു പൊതി നല്കി. സ്വര്‍ണം മനസിലാക്കിയപ്പോള്‍ പൊതി മാലി എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ചു. അക്രമി സംഘം വാഹനത്തിനുള്ളില്‍ വച്ച് തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ബന്ദു പറഞ്ഞു.
ആദ്യം സ്വർണ്ണം ആവശ്യപ്പെട്ട് ഇവർ വീട്ടിൽ എത്തിയിരുന്നെങ്കിലും പിന്നീട് ആളുമാറിയാണ് തന്നെ സമീപിച്ചതെന്ന് ഇവർ അറിയിച്ചിരുന്നു. ഇതുകൊണ്ടാണ് പൊലീസിൽ വിവരം അറിയിക്കാതിരുന്നതെന്നും ബിന്ദു പറഞ്ഞു.തന്നെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ ശിഹാബ്, ഹാരിസ് എന്നിവരെ പരിചയമുണ്ട്. കൊച്ചി എയർപ്പോർട്ടിൽ എത്തിയപ്പോൾ മുതൽ സ്വർണ്ണക്കടത്ത് സംഘം തന്നെ പിന്തുടർന്നിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ മുതല്‍ സ്വര്‍ണ്ണക്കടത്ത് സംഘം തന്നെ പിന്തുടര്‍ന്നിരുന്നുവെന്നും ബിന്ദു പറയുന്നു.