ഡോളർ കടത്ത്; യുണിടാക് എംഡി സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കി എൻഫോഴ്സ്മെൻ്റിൻ്റെ പുതിയ കേസ്

കൊച്ചി: ഡോളർ കടത്തു കേസിൽ യുണിടാക് എംഡി സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. ലൈഫ് മിഷനിലെ കോഴപ്പണം ഡോളറാക്കി മാറ്റിയത് സന്തോഷ് ഈപ്പന്റെ നേതൃത്വത്തിലാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണ കരാർ നേടിയെടുത്തത് യുണിടാക്കായിരുന്നു. ഈ ഇടപാടിലെ കമ്മിഷൻ തുകയിൽ ഒരു കോടി 90 ലക്ഷം രൂപ വിദേശത്തേയ്ക്ക് കടത്തുന്നതിന് മുഖ്യ പങ്കുവഹിച്ചത് സന്തോഷ് ഈപ്പനാണ് എന്നാണ് കണ്ടെത്തിയത്. ഇന്ത്യൻ കറൻസി കരിഞ്ചന്തയിൽ എത്തിച്ച് ഡോളറാക്കി മാറ്റിയതിൽ മുഖ്യ പങ്കുവഹിച്ചത് ഇദ്ദേഹമാണ് എന്ന് നേരത്തേ കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് നേരത്തേ അറസ്റ്റിലായ സ്വപ്ന സുരേഷ് ഉൾപ്പടെയുള്ളവരിൽ നിന്ന് കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.

സ്വപ്നയും സരിത്തും കോടതിക്കു നൽകിയ രഹസ്യ മൊഴിയിലും സന്തോഷ് ഈപ്പന്റെ പങ്ക് വ്യക്തമാക്കിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സ്വപ്ന സുരേഷ്, സരിത്ത്, ഈജിപ്ത് പൗരൻ ഖാലിദ്, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറി എം. ശിവശങ്കർ തുടങ്ങിയവരാണ് കേസിലെ പ്രതികൾ.

യുഎഇ കോൺസുലേറ്റിലെ അക്കൗണ്ടന്റ് ജനറൽ ആയിരുന്ന ഖാലിദിന് സന്തോഷ് ഈപ്പൻ ഈ തുക ഡോളറാക്കി കൈമാറുകയായിരുന്നു. ഖാലിദ് ഈ തുക ഒമാനിലേയ്ക്ക് കടത്തുകയും ചെയ്തു. തുടർന്ന് കേസ് ഉയർന്നു വന്നതോടെ ഖാലിദ് ഈജിപ്തിലേയ്ക്ക് കടക്കുകയായിരുന്നു. ഖാലിദിനെ അറസ്റ്റു ചെയ്യാൻ അനുമതി തേടിയിരുന്നെങ്കിലും തുടർ നടപടി ഉണ്ടായിട്ടില്ല.