ന്യൂഡെൽഹി: സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തിയ എസ്എൻസി ലാവലിൻ കേസ് വീണ്ടും മാറ്റിവെക്കണമെന്ന് സിബിഐ ആവശ്യം. കേസ് ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോഴായിരുന്നു സിബിഐ ഈ ആവശ്യം ഉന്നയിച്ചത്. കേസ് ഇന്ന് തന്നെ കേട്ടുകൂടേയെന്ന് കോടതി ചോദിച്ചെങ്കിലും സിബിഐ അഭിഭാഷകന്റെ അഭ്യർത്ഥന മാനിച്ച് ഏപ്രിൽ ആറിലേക്ക് കേസ് മാറ്റുകയായിരുന്നു.
ജസ്റ്റിസ് യുയു ലളിതിന്‍റെ നേതൃത്വത്തിൽ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, കെഎം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിൽ വാദം കേൾക്കൽ തുടങ്ങുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. വാദത്തിന് തയ്യാറെന്ന സൂചനയാണ് സിബിഐ കേന്ദ്രങ്ങൾ ഇന്നലെ നൽകിയത്.
കക്ഷികളിൽ ഒരാളായ കോണ്‍ഗ്രസ് നേതാവ് വിഎം സുധീരൻ ഇന്നലെ വാദങ്ങൾ രേഖാമൂലം നൽകിയിരുന്നു. ലാവലിൻ ഇടപാടിൽ പിണറായി വിജയനുള്ള പങ്കിന് വ്യക്തമായ തെളിവുണ്ടെന്നാണ് സുധീരന്‍റെ വാദം. അതേസമയം കോടതി ആവശ്യപ്പെട്ടതനുസരിച്ചുള്ള വാദങ്ങളുടെ രേഖാമൂലമുള്ള കുറിപ്പ് സിബിഐ ഇതുവരെ കോടതിയിൽ സമർപ്പിച്ചിട്ടില്ല.
പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപട്ടികയിലുള്ള ഉദ്യോഗസ്ഥരും നൽകിയ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.