നടിയെ തട്ടിക്കൊണ്ടുപോയ കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ വിധി ഇന്ന്

കൊച്ചി : യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ വിചാരണക്കോടതി ഇന്നു വിധി പറയും. കേസിലെ നിർണായക സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാൻ ശ്രമിച്ചതായി കാണിച്ച് പ്രോസിക്യൂഷൻ ഹർജി നൽകുകയായിരുന്നു. ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു.

മാപ്പുസാക്ഷിയായ വിപിൻലാലിനെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച കേസിൽ കെ ബി ഗണേഷ്കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി പ്രദീപ്കുമാർ കോട്ടാത്തലയെ അറസ്റ്റ് ചെയ്തിരുന്നു. ദിലീപിന് വേണ്ടിയാണു വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷന്റെ വാദം.

മറ്റു ചില സാക്ഷികളുടെ നിലപാടു മാറ്റത്തിനു പിന്നിലും പ്രതിഭാഗത്തിന്റെ ഇടപെടലുണ്ടെന്ന‌് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു. കേസിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്. കേസില്‍ അഡ്വ വി എന്‍ അനില്‍കുമാറിനെ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചിരുന്നു.

മുന്‍ പ്രോസിക്യൂട്ടര്‍ എ സുരേശന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് അനിൽകുമാറിന്റെ നിയമനം. കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്നു സുരേശൻ രാജിവെച്ചത്.