സർക്കാരിൻ്റെ “കടൽ വികസന കരാർ” ; ധാരണാപത്രം റദ്ദാക്കി ; രഹസ്യ ഇടപാട് പുറത്തായപ്പോൾ മുഖംരക്ഷിക്കാൻ സർക്കാർ

തിരുവനന്തപുരം: അമേരിക്കൻ കമ്പനിയായ ഇഎംസിസി കമ്പനി ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനുമായുണ്ടാക്കിയ ധാരണാപത്രം പുറത്തിറഞ്ഞ് വിവാദമായപ്പോൾ ഒന്നും അറിഞ്ഞില്ലെന്ന മട്ടിൽ കരാർ റദ്ദാക്കി സർക്കാർ മുഖം രക്ഷിക്കാൻ നീക്കം. പ്രതിപക്ഷ ആരോപണങ്ങളെ തുടർന്ന് മുഖ്യമന്ത്രി ഇടപെട്ട് കരാർ റദ്ദാക്കാൻ നിർദേശം നൽകിയെന്നാണ് വിശദീകരണം.

ധാരണാപത്രിത്തിലേക്ക് നയിച്ച കാര്യങ്ങൾ വിശദമായി അന്വേഷിക്കും. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങളും പരിശോധിക്കും. അന്വേഷണത്തിന് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിന് ചുമതല. ഇഎംസിസിയും കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനും (കെഎസ്ഐഎൻസി) തമ്മിലുള്ള ധാരണാപത്രം പുനഃപരിശോധിക്കാൻ കോർപറേഷന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

സർക്കാർ നയത്തിനു വിരുദ്ധമായാണോ ധാരണാപത്രം ഒപ്പിട്ടത് എന്നാകും പരിശോധിക്കുക. കോർപറേഷൻ എംഡി എൻ. പ്രശാന്തിനെതിരെ വകുപ്പുതല അന്വേഷണത്തിനും സാധ്യതയുണ്ട്.

400 ട്രോളറുകളും 5 മദർഷിപ്പുകളും നിർമിക്കാനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായിരുന്നു ധാരണാപത്രം. കഴിഞ്ഞ വർഷം ‘അസെൻഡ്’ നിക്ഷേപക സംഗമത്തിന്റെ ഭാഗമായി 5000 കോടി രൂപയുടെ പദ്ധതിക്കു ധാരണാപത്രം ഒപ്പിട്ടിരുന്നതിനാലാണ് ട്രോളർ നിർമാണം ഏറ്റെടുത്തതെന്നാണ് കെഎസ്ഐഎൻസിയുടെ നിലപാട്.

കേരളത്തിന്റെ ആഴക്കടലിൽ മത്സ്യബന്ധനം നടത്താനുള്ള പദ്ധതി എന്നു ധാരണാപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയനിലേക്കുകൂടി എത്തിയതോടെയാണ് സർക്കാരിന്റെ നിലപാട് മാറ്റം.

ഇ.എം.സി.സി. മേധാവി അമേരിക്കക്കാരനായ ഡുവൻ ഇ ഗെരൻസർ, മേഴ്സിക്കുട്ടിയമ്മയോടൊപ്പം ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടുവെന്നാണ് പ്രതിപക്ഷനേതാവ് ആരോപിച്ചത്. ഇഎംസിസിയുടെ പ്രസിഡന്റും മലയാളിയുമായ ഷിജുവർഗീസ് ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തു.