കൊച്ചി: ഇടതുപക്ഷത്തിൻ്റെ പോഷകസംഘടന പോലെയാക്കി മാറ്റിയ കാലടി സര്‍വകലാശാലയിലെ രാഷ്ട്രീയവൽക്കരണത്തിലും വെട്ടിനിരത്തലിലും മനം മടുത്ത് അധ്യാപകർ സ്വയം വിരമിക്കലിനും ദീർഘകാല അവധിക്കും. വൈസ് ചാൻസലർക്കെതിരേ പരാതി നൽകിയതിന് കഴിഞ്ഞ ദിവസം സിൻഡിക്കേറ്റിൻ്റെ വാളി നിരയായി സംസ്‌കൃത വിഭാഗം മേധാവി സ്ഥാനത്തു നിന്ന് നീക്കം ചെയ്യപ്പെട്ട ഡോ പിവിനാരായണന്‍ ദീര്‍ഘകാല അവധിയിലേക്ക് പ്രവേശിക്കുകയാണ്. അവധി കഴിഞ്ഞാല്‍ അദ്ദേഹം വിരമിക്കും. പിവിനാരായണന് പകരം ഡോ. കെ.ആര്‍.അംബികയെ സംസ്‌കൃതവിഭാഗം മേധാവിയാക്കിയിരുന്നു.
സംസ്‌കൃത വിഭാഗത്തിലെ മുതിര്‍ന്ന അധ്യാപകനായ ഡോ വിആര്‍ മുരളീധരന്‍ സ്വയം വിരമിക്കലിന് ഇന്ന് കത്ത് നല്‍കി. രണ്ടു വർഷം കൂടി സര്‍വീസ് ബാക്കിയുള്ളപ്പോഴാണ് മുരളീധരന്‍ പ്രതിഷേധ സൂചകമായി വിരമിക്കാന്‍ ഒരുങ്ങുന്നത്. വൈസ് ചാൻസലറുടെയും സിൻഡിക്കേറ്റിൻ്റെയും പ്രതികാര നടപടികളിൽ ശ്വാസം മുട്ടിയാണ് ഇരുവരും പടിയിറങ്ങാൻ നിർബന്ധിതരാകുന്നത്.
പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദം നീറിപ്പുകയുകയാണ്. പിഎച്ച്ഡി പ്രോഗ്രാമിന് എസ് എഫ് ഐ ക്കാരെ വഴിവിട്ട് തെരഞ്ഞെടുക്കാത്തതും രണ്ട് അധ്യാപകരെയും അധികാര കേന്ദ്രങ്ങൾക്ക് അപ്രിയരാക്കി. 2021 ലെ പിഎച്ച്ഡി പ്രോഗ്രാമിന് 10 വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തത് ഡോ പിവി നാരായണനും ഡോ വിആര്‍ മുരളീധരനും അടങ്ങുന്ന 18 അംഗ ഇന്റര്‍വ്യൂ ബോര്‍ഡാണ്. ചട്ടങ്ങള്‍ പൂർണമായി പാലിച്ചാണ് ഏകകണ്ഠമായി പത്തു വിദ്യാര്‍ഥികളെ പിഎച്ച്ഡി പ്രോഗ്രാമിലേക്ക് തെരഞ്ഞെടുത്തത്. ഇതിനായി ലിസ്റ്റുമിട്ടു.
പുറത്ത് വന്ന ലിസ്റ്റിൽ എസ് എഫ് ഐ ക്കാരില്ലെന്നത് തല്‍പര കക്ഷികളെ പ്രകോപിപ്പിച്ചു. ഇതോടെ ഇന്റര്‍വ്യൂബോര്‍ഡിനെതിരേ വിസി അടക്കമുള്ളവര്‍ തിരിഞ്ഞു. ചില അധ്യാപകരും ഇവർക്കെതിരേ ആരോപണവുമായി രംഗത്തുവന്നു. തുടര്‍ന്ന് വിഷയത്തില്‍ സിന്‍ഡിക്കേറ്റ് ഇടപെട്ടു. തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് തള്ളണമെന്ന് സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാൻ അധ്യാപകർ തയ്യാറായില്ല.
തുടര്‍ന്നാണ് സംസ്‌കൃത വിഭാഗം തലവന്‍ പി വി നാരായണനെ സിന്‍ഡിക്കേറ്റ് വെട്ടിനിരത്തിയത്. ഇനി സര്‍വകലാശാലയില്‍ തുടരുന്നത് ശരിയല്ലെന്നു ബോധ്യമായതോടെയാണ് മുരളീധരന്‍ സ്വയം വിരമിക്കാന്‍ കത്തുനല്‍കിയത്. മാറിയ സാഹചര്യത്തിൽ
പുതിയ ഇന്റര്‍വ്യൂ ബോര്‍ഡിനെ വച്ച് പുതിയ പിഎച്ച്ഡി ലിസ്റ്റ് തയാറാക്കാനാണ് സിന്‍ഡിക്കേറ്റ് തീരുമാനം.
അതിലൂടെ ഇഷ്ടക്കാരെ തിരുകിക്കയറ്റാനും കഴിയും. അതിന് കൂട്ടുനില്‍ക്കാന്‍ തയാറല്ലാത്തതുകൊണ്ട് വിരമിക്കുകയാണ്. തങ്ങള്‍ എടുത്ത എല്ലാ തീരുമാനങ്ങള്‍ക്കും സുതാര്യമായി മിനിട്‌സുണ്ട്. അതാര്‍ക്കും പരിശോധിക്കാവുന്നതാണെന്നും ഡോ. മുരളീധരന്‍ പറഞ്ഞു.