മോദി നിങ്ങൾ എ​സി കാ​റി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് വരണം; പെട്രോൾ വില വർദ്ധനയ്ക്കെതിരെ സൈക്കിളിൽ സഞ്ചരിച്ച് റോ​ബ​ട്ട് വ​ദ്ര

ന്യൂഡെൽഹി: രാ​ജ്യ​ത്ത് എല്ലാ ദിവസവും വർധിക്കുന്ന ഇന്ധനവിലയ്‌ക്കെതിരെ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്കാ ഗാ​ന്ധി​യു​ടെ ഭ​ർ​ത്താ​വും വ്യവ​സാ​യി​യുമാ​യ റോ​ബ​ട്ട് വ​ദ്ര. ഡെൽഹി​യി​ലൂ​ടെ തന്റെ ഓഫീസിലേയ്ക്ക് സൈക്കിൾ​ ചവിട്ടിയായിരുന്നു അദ്ദേഹം തന്റെ പ്ര​തി​ഷേ​ധം പ്രകടിപ്പിച്ചത് .

“നി​ങ്ങ​ൾ (പ്ര​ധാ​ന​മ​ന്ത്രി) എ​സി കാ​റി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് വ​ന്ന് ജ​ന​ങ്ങ​ൾ എ​ങ്ങ​നെ ക​ഷ്ട​പ്പെ​ടു​ന്നു​വെ​ന്ന് കാ​ണ​ണം. അ​ങ്ങ​നെ​ങ്കി​ലും ഒ​രു പ​ക്ഷേ ഇ​ന്ധ​ന​വി​ല കു​റ​യ്ക്കാം’- വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യോ​ട് വ​ദ്ര പ​റ​ഞ്ഞു.

മു​ൻ സ​ർ​ക്കാ​രു​ക​ളെ കു​റ്റ​പ്പെ​ടു​ത്തി മാ​ത്ര​മാ​ണ് ന​രേ​ന്ദ്ര മോ​ദി മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും വ​ദ്ര വി​മ​ർ​ശി​ച്ചു. ഡെൽഹി​യി​ലെ ഖാ​ൻ മാ​ർ​ക്ക​റ്റ് പ്ര​ദേ​ശ​ത്ത് സ്യൂ​ട്ടും ഹെ​ൽ​മ​റ്റും ധ​രി​ച്ച് വ​ദ്ര സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

നേരത്തെ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും സർക്കാരിനെ കൂടുന്ന ഇന്ധനവിലയുടെ അടിസ്ഥാനത്തിൽ വിമർശിച്ചിരുന്നു. പെട്രോൾ പമ്പിൽ നിങ്ങളുടെ വാഹനത്തിന് പെട്രോൾ നിറയ്ക്കുമ്പോൾ മീറ്റർ മുകളിലേക്ക് പോകും. എന്നാൽ ക്രൂ‍ഡോയിൽ വില താഴേക്കാണ്. തങ്ങളുടെ സുഹൃത്തുക്കൾക്കായി നിങ്ങളുടെ പോക്കറ്റ് കാലിയാക്കാനുള്ള ജോലി നന്നായി മോദി ചെയ്യുന്നുണ്ട്- രാ​ഹുൽ ട്വീറ്റിൽ പറഞ്ഞു.