മാവേലിക്കര: വിദേശത്ത് നിന്ന് നാട്ടിലെത്തിയ യുവതിയെ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയി. സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് സംശയം. മാന്നാർ കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ(32) യാണ് പുലര്‍ച്ചെ രണ്ടിന് മാരകായുധങ്ങളുമായി വാഹനങ്ങളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. നാലു ദിവസം മുന്‍പാണ് ബിന്ദു വിദേശത്തുനിന്ന് എത്തിയത്. ഗള്‍ഫില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റാണ് ബിന്ദു. സംഭവത്തില്‍ മാന്നാര്‍ പോലീസ് കേസെടുത്തു.
യുവതി വീട്ടിലെത്തിയതിനു പിന്നാലെ ചിലർ വീട്ടിൽ വന്നിരുവെന്ന് ബന്ധുക്കൾ പോലീസിന് മൊഴി നൽകി. ബിന്ദുവിനെ നിരീക്ഷിക്കാൻ ചിലർ എത്തിയിരുന്നതായും ബന്ധുക്കൾ പറയുന്നു. നിരീക്ഷിച്ചവരുടെ ചിത്രങ്ങളും ബിന്ദുവിന്‍റെ ഫോണും പൊലീസിന് കൈമാറി. ആക്രമണത്തിൽ വീട്ടുകാർക്കും പരുക്കേറ്റു. പൊലീസ് അന്വേഷണം ആരംഭിച്ചു.
വീട്ടിലെത്തിയവര്‍ സ്വര്‍ണം അന്വേഷിച്ചെന്ന് ബിന്ദുവിന്‍റെ ഭര്‍ത്താവ് ബിനോയിയും പറയുന്നു. സ്വര്‍ണം ആരും തന്നുവിട്ടിട്ടില്ലെന്ന് ബിന്ദു അറിയിച്ചെങ്കിലും ഭീഷണി തുടര്‍ന്നു. ഏഴുവര്‍ഷമായി ബിന്ദുവും താനും ഗള്‍ഫിലായിരുന്നു. എന്നാൽ ഇത്തരം സംഭവം ആദ്യമെന്ന് ബിനോയ് പറഞ്ഞു.
15 പേരടങ്ങിയ സംഘമാണ് ബിന്ദുവിനെ തട്ടിക്കൊണ്ടു പോയതെന്നാണ് കുടുംബം പറയുന്നത്. വീടിന്റെ ഗെയ്റ്റ് തുറന്ന് അകത്തെത്തിയ സംഘം കോളിങ് ബെല്ലടിച്ചു. മുറ്റത്ത് പത്ത്-പതിനഞ്ച് പേര്‍ കമ്പി വടിയും വടിവാളുമായി നിന്നിരുന്നു. പോലീസിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും അതിനുമുമ്പ് വാതില്‍ പൊളിച്ച് അക്രമികള്‍ അകത്തുകടന്നു. ബിന്ദുവിനെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നെന്നും വീട്ടുകാർ പറയുന്നു.
ബിന്ദുവിന്റെ പക്കല്‍ സ്വര്‍ണം ഉണ്ടോയെന്ന് അന്വേഷിച്ച് ഫോണ്‍കോളുകള്‍ വന്നിരുന്നു. എന്നാല്‍ ബിന്ദു ഇത് നിഷേധിച്ചതോടെ ആള് മാറിപ്പോയെന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചതായും ബന്ധുക്കള്‍ പറയുന്നു. ബിന്ദുവിന്റെ ഫോണ്‍ പോലീസ് പരിശോധിച്ച് വരികയാണ്.