“ടൈഫോയ്ഡ് ബാധയുടെ കാരണം അമ്മയുടെ പ്രേതം” ; ബാധ മാറ്റാൻ അച്ഛൻ മന്ത്രവാദിയുടെ അടുക്കൽ കൊണ്ടുപോയ യുവതിയ്ക്ക് ദാരുണാന്ത്യം

ചെന്നൈ: മകളുടെ അസുഖത്തിന് കാരണം അമ്മയുടെ പ്രേതം കൂടിയതാണെന്ന അന്ധ വിശ്വാസത്തിൽ ബാധ ഒഴിപ്പിക്കാൻ അച്ഛൻ മന്ത്രവാദിയുടെ അടുത്ത് കൊണ്ടുപോയ യുവതി മരിച്ചു. തമിഴ്‌നാട്ടിലെ രാമനാഥപുരം ഉച്ചിപുളി സ്വദേശി താരണി എന്ന പത്തൊൻപതുകാരിയാണ് അച്ഛന്റെ അന്ധവിശ്വാസത്തിന് ഇരയായി ദാരുണമായി മരിച്ചത്.

ഏതാനും ദിവസങ്ങളായി കടുത്ത ടൈഫോയ്ഡിനെ തുടർന്ന് അവശനിലയിലായിരുന്നു താരണി. എന്നാൽ, മകളുടെ രോഗത്തിന് കാരണം ബാധയാണെന്ന് ഉറച്ചുവിശ്വസിച്ച അച്ഛൻ വീരസെൽവം ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് പകരം മകളെ കൊണ്ടുപോയത് ഒരു മന്ത്രവാദിയുടെ അടുത്തേയ്ക്ക്. മകളിൽ ഒൻപത് വർഷം മുൻപ് മരിച്ച അമ്മയുടെ ബാധ കയറി എന്നായിരുന്നു സെൽവത്തിൻ്റെ വിശ്വാസം.

താരണി ഇടയ്ക്കിടെ അമ്മയെ സംസ്‌കരിച്ച സ്ഥലം സന്ദർശിക്കാറുണ്ടായിരുന്നു. ഏറ്റവും ഒടുവിലായി സന്ദർശിച്ചതിനുശേഷമാണ് ടൈഫോയ്ഡ് പിടികൂടിയത്. ഇതിനെ തുടർന്നാണ് തന്റെ ഭാര്യയുടെ പ്രേതം മകളിൽ കയറിയതാണെന്ന് സെൽവം വിശ്വസിച്ചത്. ഇതു കാരണം മകൾക്ക് യാതൊരുവിധ ചികിത്സയും നൽകിയിരുന്നില്ല.

ബാധ ഒഴിപ്പിക്കാൻ കൊണ്ടുപോയ മന്ത്രവാദിയിൽ നിന്ന് ചൂരലടിയും പുകയ്ക്കലും അടക്കം ക്രൂരമായ മർദനമാണ് താരണിക്ക് നേരിടേണ്ടിവന്നത്. ഇതിനെ തുടർന്ന് അവശയായി തളർന്നു വീണതിനെ തുടർന്നാണ് അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.