തിരുവനന്തപുരം: അമേരിക്കൻ കമ്പനിക്ക് ആഴക്കടൽ മത്സ്യസമ്പത്ത് കൊള്ളയടിക്കാൻ അവസരമൊരുക്കിയത് മൂന്നു വർഷം സർക്കാർ ചെയ്ത ശേഷം മുഖ്യമന്ത്രിയുടെ പൂർണ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടപാടിന് പിന്നിലെ യഥാർത്ഥ പ്രതികൾ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മയും ഇ.പി.ജയരാജനുമാണ്. മുഖ്യമന്ത്രിക്ക് ധാരണാപത്രത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാമായിരുന്നു. ദീർഘകാലത്തെ ചർച്ചകൾക്കു ശേഷമാണ് ധാരണാപത്രം ഒപ്പിട്ടതെന്ന് ചെന്നിത്തല പറഞ്ഞു.
നിക്ഷേപക സംഗമമായ അസെന്റിന് മൂന്നു മാസങ്ങൾക്കു മുൻപ് 2019 ഒക്ടോബർ മൂന്നിന് പ്രിൻസിപ്പൽ സെക്രട്ടറിയായ ജ്യോതിലാൽ കേന്ദ്ര വിദേശകാര്യ ജോയിന്റ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. ഇ എം സി സിയുടെ യോഗ്യതകൾ ആരാഞ്ഞുകൊണ്ടാണ് കത്ത്. പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെങ്കിൽ അത് സർക്കാരിന്റെ അനുമതിയോടെയായിരിക്കും. നിക്ഷേപക സംഗമത്തിന് മുൻപേ ആഴക്കടൽ മത്സ്യബന്ധനത്തെക്കുറിച്ച് വിശദമായ അറിവ് സംസ്ഥാനത്തിനുണ്ട് എന്നാണ് ഇത് വ്യക്തമാക്കുന്നത്. മൂന്നു വർഷമായി മുഖ്യമന്ത്രിയും, മന്ത്രിമാരും,വകുപ്പു തലവന്മാരും കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തുകയാണ്.
2019ൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തിയതായി ഇ എം സി സി പ്രസിഡന്റ് വ്യക്താക്കിക്കഴിഞ്ഞു. എല്ലാം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാണ് സർക്കാരിന്റെ ശ്രമം. ഈ വിഷയം ഉന്നയിച്ചില്ലായിരുന്നെങ്കിൽ കരാറുമായി സർക്കാർ മുന്നോട്ടുപോകുമായിരുന്നു.അമേരിക്കൻ കമ്പനി മത്സ്യസമ്പത്ത് കൊള്ളയടിക്കുകയും മത്സ്യത്തൊഴിലാളികളെ നിത്യദുരിതത്തിലേക്ക് തള്ളിയിടുകയും ചെയ്യുമായിരുന്നു.
കേരളത്തിന്റെ താല്പര്യങ്ങൾ തകർത്ത് അമേരിക്കൻ കമ്പനിയെ സഹായിക്കാൻ വിശദമായി പഠിച്ച് ഡീലുറപ്പിച്ച ശേഷമാണ് കമ്പനിയുമായി കരാർ ഒപ്പിട്ടത്. ധാരണാപത്രം ഒപ്പിട്ടെങ്കിലും നിയമസഭയിൽ ഇക്കാര്യം വ്യവസായമന്ത്രി ഒളിച്ചുവച്ചു. നിക്ഷേപക സംഗമമായ അസെന്റിൽ വച്ച് ധാരണാപത്രം ഒപ്പിട്ടു എന്നാണ് സർക്കാർ ആദ്യം പറഞ്ഞത്. എന്നാൽ അസെന്റ് പരിപാടി നടന്നത് 2020 ജനുവരി 9,10 തീയ്യതികളിലും സർക്കാർ കരാർ ഒപ്പിട്ടിരിക്കുന്നത് ഫെബ്രുവരി 28 നുമാണ്. അസെന്റ് സംഗമം നടന്ന് 48 ദിവസങ്ങൾക്ക് ശേഷമാണ് ഈ കരാർ ഒപ്പിട്ടിരിക്കുന്നത്.
അസെന്റുമായി ബന്ധപ്പെട്ട് ധാരണാപത്രം ഒപ്പിട്ട 32 പദ്ധതികളുടെ ലിസ്റ്റ് സഭയിൽ സമർപ്പിച്ചിട്ടും ഇ എം സി സിയുമായി ഉണ്ടാക്കിയ ധാരണാപത്രം മാത്രം ഉൾപ്പെടാത്തത് എന്തുകൊണ്ട് എന്ന് ജയരാജൻ വിശദീകരിക്കേണ്ടതാണ്. അതല്ലെങ്കിൽ അസെന്റിൽ വയ്ക്കാതെ പിന്നീട് തിരുകി കയറ്റിയതാണോ ഈ പദ്ധതി എന്നും ജയരാജൻ തന്നെ വ്യക്തമാക്കണം.
ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പദ്ധതിയാണ് എന്ന കാര്യം പദ്ധതിരേഖയുടെ തലക്കെട്ടിൽ നിന്നും ഉള്ളടക്കത്തിൽ നിന്നും വളരെ വ്യക്തമാണ്. ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോടു കൂടിയാണ് 2020 ഫെബ്രുവരി 28ന് കെ എസ് ഐ ഡി സി എം ഡിയായ രാജമാണിക്യം ആഴക്കടൽ മത്സ്യബന്ധനത്തിന് സർക്കാരിന്റെ പൂർണ പിന്തുണ വാഗ്ദാനം നൽകുന്ന ധാരണാപത്രം ഒപ്പ് വെയ്ക്കുന്നത്. പദ്ധതിക്ക് സർക്കാരിന്റെ പൂർണ പിന്തുണയുണ്ടെന്നും സർക്കാരിന്റെ പ്രതിനിധിയായിട്ടാണ് രാജമാണിക്യം ഇതിൽ ഒപ്പുവയ്ക്കുന്നത് എന്നും കരാറിൽ പ്രത്യേകം പറയുന്നു.
മേഴ്സിക്കുട്ടിയമ്മ അമേരിക്കയിൽ പോയ സമയം മുതൽ മൂന്നു വർഷക്കാലം, വ്യവസായമന്ത്രി, ഫിഷറീസ് മന്ത്രി, മുഖ്യമന്ത്രി, വിവിധ വകുപ്പ് തലവന്മാർ എന്നിവരുമായി വിശദമായ ചർച്ച നടത്തി, കേന്ദ്ര ഗവൺമെന്റുമായി ആശയ വിനിമയം നടത്തിയതിനുശേഷം മാത്രമാണ് സർക്കാർ കരാർ നടപടിക്രമങ്ങളുമായി മുന്നോട്ടു പോയത്. ഇക്കാര്യങ്ങൾ എല്ലാം മുൻകൂട്ടി അറിയുന്ന മുഖ്യമന്ത്രി, ഈ മാസം 11ന് വ്യവസായ മന്ത്രി ഇ പി ജയരാജന്റെ ഓഫീസിൽ ഇ എം സി സി യുടെ പ്രതിനിധികൾ വന്ന് സമുദ്ര ഗവേഷണത്തിനുള്ള അപേക്ഷ സമർപ്പിച്ചു എന്നാണ് പത്രസമ്മേളനത്തിൽ പച്ചക്കള്ളം പറഞ്ഞത്.
ഫിഷറീസ് വകുപ്പ് മന്ത്രി യോടൊപ്പം ഇ എം സി സി യുടെ സി ഇ ഒയുമായി മുഖ്യമന്ത്രി തന്റെ ഔദ്യോഗിക വസതിയിൽ വച്ച് നേരിട്ട് കൂടിക്കാഴ്ച നടത്തുക പോലുമുണ്ടായി. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകിയിട്ടില്ലെങ്കിലും കമ്പനി പ്രതിനിധികൾ ശരിവെച്ചിട്ടുണ്ട്.
400 യാനങ്ങൾ ഉണ്ടാക്കാനുള്ള ഉപകരാർ മാത്രമല്ല,അസെന്റിൽ വെച്ച് സർക്കാർ ഒപ്പിട്ട 5000 കോടി രൂപയുടെ ധാരണാപത്രവും, കെ എസ് ഐ ഡി സിയുടെ നാലേക്കർ ഭൂമി ഇ എം സി സിക്ക് നൽകാനുള്ള തീരുമാനവും സർക്കാർ നിരുപാധികം പിൻവലിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.